ബ്ലോക്ക്ബസ്റ്റര്‍ സിനിമ എന്നതിലുപരി, ചലച്ചിത്ര നിര്‍മ്മാണകലയ്ക്ക് ഇന്നുമൊരു റഫറന്‍സ് ഗ്രന്ഥം; നാഗവല്ലിയെ ഓര്‍മ്മിക്കാത്ത ഒരു ദിവസം പോലുമില്ലെന്ന് ശോഭന

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രമാണ് “മണിച്ചിത്രത്താഴ്”. ചിത്രത്തിന്റെ ഇരുപത്തിയേഴാം വാര്‍ഷികത്തില്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി ശോഭന. ഒരു ബ്ലോക്ക്ബസ്റ്റര്‍ സിനിമ എന്നതിലുപരി, ചലച്ചിത്ര നിര്‍മ്മാണകലയ്ക്ക് ഇന്നും ഒരു റഫറന്‍സ് ഗ്രന്ഥമായി ചിത്രം നിലകൊള്ളുന്നു എന്നാണ് ശോഭന സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

“”മണിച്ചിത്രത്താഴ് എന്ന, എക്കാലത്തെയും മെഗാ ഹിറ്റ് സിനിമയുടെ 27-ാം പിറന്നാള്‍ ആണ് നാളെ. ഒരു ബ്ലോക്ക്ബസ്റ്റര്‍ സിനിമ എന്നതിലുപരി, ചലച്ചിത്ര നിര്‍മ്മാണകലയ്ക്ക് ഇന്നും ഒരു റഫറന്‍സ് ഗ്രന്ഥമായി ഈ ചിത്രം നിലകൊള്ളുന്നു.. എന്റെ ജീവിത യാത്രയില്‍ ഈ ചിത്രം വലിയ ഒരു മുതല്‍ക്കൂട്ട് തന്നെയായിരുന്നു…ഇന്നും അതെ..നാഗവല്ലിയെ കുറിച്ച് ഓര്‍മ്മിപ്പിക്കപ്പെടാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്ന് തന്നെ പറയാം…സ്രഷ്ടാവ് ശ്രീ ഫാസിലിന് എല്ലാ നന്മകളും നേരുന്നു”” എന്നാണ് താരത്തിന്റെ വാക്കുകള്‍.

സൈക്കോ ത്രില്ലര്‍ ചിത്രമാണ് മണിച്ചിത്രത്താഴ്. മധു മുട്ടം തിരക്കഥയൊരുക്കിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മനുഷ്യ മനോനിലയുമായി ബന്ധപ്പെട്ട സ്തോഭജനകമായ എന്നാല്‍ മലയാള ചലച്ചിത്രത്തില്‍ മുമ്പ് പരിചിതമില്ലാത്ത ഇതിവൃത്തമായിരുന്നു ചിത്രത്തിന്റെത്.

തകര്‍പ്പന്‍ വിജയം നേടിയ ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. ചന്ദ്രമുഖി എന്ന പേരില്‍ തമിഴിലും തെലുങ്കിലും എത്തിയ ചിത്രം ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്ന പേരിലാണ് എത്തിയത്. കന്നഡയില്‍ ആപ്തമിത്ര എന്ന പേരിലും റിലീസ് ചെയ്തു. ഈ ചിത്രങ്ങളും ഹിറ്റായിരുന്നു.

View this post on Instagram

A post shared by Shobana Chandrakumar (@shobana_danseuse)