പാടി തകര്‍ത്ത് സിതാരയും യാസിനും; എടക്കാട് ബറ്റാലിയനിലെ 'ഷെഹ്നായി' ഗാനത്തിന്റെ റെക്കോര്‍ഡിങ് വീഡിയോ പുറത്ത്

ടൊവീനോ തോമസും സംയുക്ത മേനോനും വീണ്ടും നായികാ-നായകന്‍മാരായി എത്തുന്ന “എടക്കാട് ബറ്റാലിയന്‍ 06″ലെ “ഷെഹ്നായി” എന്ന ഗാനത്തിന്റെ സ്റ്റുഡിയോ റെക്കോര്‍ഡിങ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. സിത്താര കൃഷ്ണകുമാറും യാസിന്‍ നിസാറും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ റെക്കോര്‍ഡിങ് വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്.

മനു മഞ്ജിത്തിന്റെ വരികള്‍ക്ക് കൈലാസ് മേനോനാണ് സംഗീത സംവിധാനം. ഗാനത്തിന്റെ ടീസര്‍ നേരത്തെ എത്തിയിരുന്നു. മുന്നേ എത്തിയ “നീ ഹിമ മഴയായ്” എന്ന ഗാനവും ഹിറ്റായിരുന്നു. വാഗതനായ സ്വപ്നേഷ് നായരാണ് ചിത്രം സംവിധാനം ചെയുന്നത്. “കമ്മട്ടിപ്പാടം” എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പി. ബാലചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്.

സിനു സിദ്ധാര്‍ഥ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കാര്‍ണിവല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. ചിത്രത്തില്‍ പട്ടാളക്കാരനായാണ് ടൊവീനോ എത്തുന്നത്.