വിക്രത്തിന്റെ 'അന്യന്‍' ബോളിവുഡിലേക്ക്, നായകനായി സൂപ്പര്‍ താരം എത്തുന്നു; സംവിധാനം ശങ്കര്‍

വ്യത്യസ്തത നിറഞ്ഞ ഭാവപ്രകടനത്തിലൂടെയും രൂപമാറ്റത്തിലൂടെയും പലപ്പോഴും ആരാധകരെ ഞെട്ടിക്കുന്ന താരമാണ് വിക്രം. നടന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം “അന്യന്‍” ബോളിവുഡിലേക്ക്. ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ബോളിവുഡ് റീമേക്കില്‍ നായകനായി നടന്‍ രണ്‍വീര്‍ സിംഗ് എത്തുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നത്.

ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം 2005ല്‍ ആണ് റിലീസ് ചെയ്തത്. ശങ്കര്‍ തന്നെയാകും റീമേക്കും ഒരുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. രാമാനുജം അമ്പി അയ്യങ്കര്‍, റൊമോ, അന്യന്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് വിക്രം ചിത്രത്തില്‍ വേഷമിട്ടത്. വിവേക്, പ്രകാശ് രാജ്, നെടുമുടി വേണു എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.

നിരവധി പുരസ്‌കാരങ്ങളും അന്യന്‍ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ ഇഫ്ക്ട്‌സിന് ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. കൂടാതെ മികച്ച ചിത്രം, മികച്ച വില്ലന്‍, മികച്ച സംവിധായകന്‍, മികച്ച ഹാസ്യതാരം, സംഗീത സംവിധാകന്‍, പുരുഷ ഡബ്ബിംഗ് താരം എന്നിങ്ങനെ ആറ് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും ചിത്രം നേടിയിട്ടുണ്ട്.

എ.ആര്‍ റഹമാന്‍ സംഗീതം ചെയ്യാത്ത ആദ്യ ശങ്കര്‍ ചിത്രമായിരുന്നു അന്യന്‍. അതേസമയം, രാം ചരണിനെ നായകനാക്കി ഒരുക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ് ശങ്കര്‍. പുതിയ സിനിമകളുമായി തിരക്കിലാണ് രണ്‍വീര്‍ സിംഗും. സൂര്യവംശി, 83, ജയേഷ്ഭായ് ജോര്‍ദാര്‍, സര്‍കസ് എന്നീ ചിത്രങ്ങളാണ് താരത്തിന്റെ റിലീസിന് ഒരുങ്ങുന്നത്.