അടുത്തിടെ ഏറെ ആസ്വദിച്ചത്.., 'ജല്ലിക്കട്ടി'നെ പുകഴ്ത്തി സംവിധായകന്‍ ശങ്കര്‍

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായ “ജല്ലിക്കട്ട്” ചിത്രത്തെ പ്രശംസിച്ച് തമിഴ് സംവിധായകന്‍ ശങ്കര്‍. പ്രശാന്ത് പിള്ള ഒരുക്കിയ പശ്ചാത്തല സംഗീതത്തെ പുകഴ്ത്തിയാണ് സംവിധായകന്റെ ട്വീറ്റ്.

“”അടുത്തിടെ ആസ്വദിച്ചത്…സൂരരൈ പോട്ര് സിനിമയിലെ ജി വി പ്രകാശിന്റെ ആത്മാവുള്ള സംഗീതം…അന്ധഘാരം എന്ന ചിത്രത്തിലെ എഡ്വിന്‍ സകെയുടെ മികച്ച ഛായാഗ്രഹണം…മലയാള ചിത്രം ജല്ലിക്കട്ടിന് പ്രശാന്ത് പിള്ള ഒരുക്കിയ ശ്രദ്ധേയവും വ്യത്യസ്തവുമായ പശ്ചാത്തല സംഗീതം”” എന്നാണ് ശങ്കറിന്റെ ട്വീറ്റ്.

ലിജോ ജോസ് പെല്ലിശേരിയുടെ ഏഴാമത്തെ സിനിമയാണ് ജല്ലിക്കട്ട്. സംവിധായകന്റെ എല്ലാ സിനിമകള്‍ക്കും സംഗീതം ഒരുക്കിയത് പ്രശാന്ത് പിള്ളയാണ്. അതേസമയം, 27 ചിത്രങ്ങളുടെ പട്ടികയില്‍ നിന്നാണ് ജല്ലിക്കട്ടിനെ ഓസ്‌കാര്‍ എന്‍ട്രി ചിത്രമായി തിരഞ്ഞെടുത്തത്. 2021 ഏപ്രില്‍ 25-ന് ലോസ് ആഞ്ജലീസില്‍ ആണ് 93-ാമത് ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങ് നടക്കുക.

2019-ല്‍ പുറത്തിറങ്ങിയ ജല്ലിക്കട്ട് ഏറെ പ്രേക്ഷകശ്രദ്ധയും നിരൂപക പ്രശംസയും നേടിയ ചിത്രമാണ്. നിരവധി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളിലും പ്രദര്‍ശിപ്പിച്ച ചിത്രമാണ് ജല്ലിക്കട്ട്. മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലിജോ ജോസ് പെല്ലിശേരിക്ക് ലഭിച്ചിരുന്നു.