കമല്‍ഹാസന് മേക്കപ്പ് അലര്‍ജി, ഇന്ത്യന്‍ 2 വൈകുന്നതിന് കാരണം ലൈക്ക പ്രൊഡക്ഷന്‍സും: സംവിധായകന്‍ ശങ്കര്‍

“ഇന്ത്യന്‍ 2” സിനിമ നീണ്ടു പോകാന്‍ കാരണം കമല്‍ഹാസനും ലൈക്ക പ്രൊഡകഷന്‍സുമാണെന്ന് സംവിധായകന്‍ ശങ്കര്‍. കോടതിയിലാണ് ശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടു പോകുന്നു എന്ന് ആരോപിച്ച് ശങ്കറിനെതിരെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് കോടതിയെ സമീപിച്ചിരുന്നു.

ഇന്ത്യന്‍ 2 പൂര്‍ത്തിയാക്കുന്നതു വരെ മറ്റ് സിനിമകള്‍ സംവിധാനം ചെയ്യുന്നതില്‍ നിന്ന് ശങ്കറിനെ വിലക്കണം എന്നായിരുന്നു ആവശ്യം. ഇന്ത്യന്‍ 2വില്‍ പ്രായമായ ഗെറ്റപ്പിലാണ് കമല്‍ഹാസന്‍ എത്തുന്നത്. എന്നാല്‍ കമല്‍ഹാസന് മേക്കപ്പ് അലര്‍ജിയാണ്. കൂടാതെ ചിത്രീകരണത്തിനിടെ ഉണ്ടായ ക്രെയ്ന്‍ അപകടവും ഷൂട്ടിംഗ് വൈകാന്‍ കാരണമാണെന്ന് ശങ്കര്‍ കോടതിയെ അറിയിച്ചു.

ചിത്രത്തില്‍ പ്രധാന വേഷത്തെ അവതരിപ്പിച്ചിരുന്ന നടന്‍ വിവേക് മരിച്ചതും തിരിച്ചടിയായി. വിവേകിന്റെ ഭാഗം പൂര്‍ത്തിയാകാത്തതിനാല്‍ മറ്റൊരു താരത്തെ വെച്ച് റീ ഷൂട്ട് ചെയ്യണമെന്ന് ശങ്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ സംവിധായകനും നിര്‍മ്മാതാവും പരസ്പരം സംസാരിച്ച് പ്രശ്‌നപരിഹാരം കാണണം എന്നാണ് കോടതി പറഞ്ഞത്.

Read more

കമല്‍ഹാസന് പുറമേ കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, സിദ്ധാര്‍ത്ഥ്, ഡല്‍ഹി ഗണേഷ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം ഒരുക്കുന്നത്.