'നിങ്ങള്‍ തമിഴ് ജനതയ്ക്ക് അപമാനം'; മുത്തയ്യ മുരളീധരനാവുന്ന വിജയ് സേതുപതിയെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ബയോപിക് ആയി ഒരുങ്ങുന്ന “800” സിനിമയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. മുത്തയ്യ മുരളീധരനായി വേഷമിടുന്ന വിജയ് സേതുപതിയെ ബഹിഷ്‌കരിക്കണം എന്ന കാമ്പയ്ന്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

“ഷെയിം ഓണ്‍ യൂ”, “ബോയ്‌കോട്ട് വിജയ് സേതുപതി”, “തമിഴ്‌സ് ബോയ്‌കോട്ട് വിജയ് സേതുപതി” എന്ന ഹാഷ്ടാഗുകള്‍ ട്രെന്‍ഡിംഗ് ആവുകയാണ്. സേതുപതി തമിഴ് ജനതയ്ക്ക് അപമാനമാണെന്നും തമിഴ് വംശജരെ കൊന്നൊടുക്കിയ ശ്രീലങ്കയില്‍ നിന്നുള്ള ക്രിക്കറ്റ് താരത്തെ കുറിച്ചുള്ള സിനിമയില്‍ ഒരു തമിഴ്‌നാട്ടുകാരന്‍ വേഷമിടുന്നത് അപമാനമാണെന്നും വിമര്‍ശകര്‍ പറയുന്നു.

എന്നാല്‍ ശ്രീലങ്കന്‍ രാഷ്ട്രീയവുമായി സിനിമയ്ക്ക് ഒരു ബന്ധമില്ലെന്നും മുത്തയ്യ മുരളീധരന്റെ ജീവിതം മാത്രമാണ് ചിത്രം പറയുക എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ മുത്തയ്യ മുരളീധരന്‍ 800 വിക്കറ്റ് എന്ന ചരിത്രനേട്ടം ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

ചെന്നൈ സ്വദേശിയായ മതിമലര്‍ രാമമൂര്‍ത്തിയാണ് മുത്തയ്യ മുരളിധരന്റെ ഭാര്യ. താരത്തിന്റെ പ്രണയവും വിവാഹവുമെല്ലാം സിനിമയില്‍ അവതരിപ്പിക്കും എന്നാണ് സൂചന. ശ്രീപതി രംഗസ്വാമി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലോ മാര്‍ച്ചിലോ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.