പ്രേക്ഷകര്‍ കാത്തിരുന്ന വാര്‍ത്ത.. ഒടുവില്‍ പുറത്തുവിട്ട് സാമന്ത

പുതുവര്‍ഷത്തില്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന വാര്‍ത്തയുമായി സാമന്ത. പുതിയ ചിത്രം ‘ശാകുന്തള’ത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് താരം ഇപ്പോള്‍. ഫെബ്രുവരി 17ന് ചിത്രം ആഗോള തലത്തില്‍ റിലീസ് ചെയ്യും. പുതിയ പോസ്റ്ററും റിലീസ് തിയതിയുമാണ് സാമന്തയും അണിയറപ്രവര്‍ത്തകരും പങ്കുവച്ചിരിക്കുന്നത്.

റോമാന്റിക് ആയിട്ടുള്ള ശകുന്തളയെയും ദുഷ്യന്തനേയും ആണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക. മലയാളി താരം ദേവ് മോഹന്‍ ആണ് ദുഷ്യന്തനായി ചിത്രത്തില്‍ വേഷമിടുന്നത്. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് ദേവ് മോഹന്‍.

കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിന് ശാകുന്തളം റിലീസ് ചെയ്യും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ റിലീസ് മാറ്റുക ആയിരുന്നു. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ‘ശാകുന്തളം’ ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക.

‘ശകുന്തള’യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. അതേസമയം, ‘യശോദ’ ആണ് സാമന്തയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. വാടക ഗര്‍ഭധാരണത്തിന്റെ പുറകില്‍ നടക്കുന്ന മാഫികളുടെ കഥയാണ് ചിത്രം പറഞ്ഞത്.