ചിന്താമണി കൊലക്കേസിന് രണ്ടാം ഭാഗം ; വെളിപ്പെടുത്തി സുരേഷ് ഗോപി

‘ചിന്താമണി കൊലക്കേസ്’ എന്ന ചിത്രത്തിലെ ലാല്‍ കൃഷ്ണ വിരാടിയാര്‍ സുരേഷ് ഗോപിയുടെ കരിയറിലെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം വന്‍ വിജയമായിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ തന്നെ സൂചനകള്‍ ഉണ്ടായിരുന്നു.

ഇപ്പോള്‍ ഇതാ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുരേഷ് ഗോപി. പുതിയ ചിത്രമായ പാപ്പന്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ഇതിന്റെ ഭാഗമായി മാദ്ധ്യമങ്ങളെ കണ്ടപ്പോഴാണ് ചിന്താമണി കൊലക്കേസിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് സുരേഷ് ഗോപി വെളിപ്പെടുത്തിയത്.

സുരേഷ് ഗോപിയുടെ പുതിയ ചിത്രങ്ങളെ കുറിച്ച് ചോദിച്ച മാദ്ധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘ഒറ്റക്കൊമ്പന്‍ ഉണ്ടാകും, ലേലം ഉണ്ടാകും ഇതിനൊപ്പം തന്നെ ലാല്‍ കൃഷ്ണ വിരാടിയാരും തിരികെ വരുന്നു’, എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

ജയരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഹൈവേ 2, മേ ഹൂം മൂസ, ഒറ്റക്കൊമ്പന്‍ എന്നിവയാണ് സുരേഷ് ഗോപിയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.