മഞ്ജു വാര്യര്‍ നായികയായ ‘കയറ്റം’ സിനിമ ഓണ്‍ലൈനില്‍ റിലീസ് ചെയ്ത് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. 2019ല്‍ ഒരുക്കിയ സിനിമ ഇതുവരെ തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. കയറ്റം ഒരുക്കിയ ശേഷം സംവിധായകനും മഞ്ജു വാര്യരും തമ്മിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് നടി സംവിധായകനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു.
ഹിമാലയത്തില്‍ ഒരുപാട് കഷ്ടപ്പെട്ട് എടുത്ത സിനിമ ആയതിനാല്‍ താന്‍ ഇത് റിലീസ് ചെയ്യുമെന്ന് കഴിഞ്ഞ ദിവസം സനല്‍ കുമാര്‍ ശശിധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. പിന്നാലെയാണ് ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്തത്. ഒരു കുറിപ്പോടെയാണ് സിനിമ കാണാനുള്ള ലിങ്കും പാസ്‌വേഡും സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
”അതീവ ഗൗരവം അര്‍ഹിക്കുന്ന ഒരു വിഷയം എന്ത് വന്നാലും ചര്‍ച്ചയാക്കില്ല എന്നുറപ്പിക്കാനെടുക്കുന്ന കരുതലും ജാഗതയും എത്രമാത്രമെന്ന് നോക്കിയാലറിയാം ആ വിഷയത്തിന്റെ തീവ്രത. ആ കരുതലിന്റെയും ജാഗ്രതയുടെയും വന്മതില്‍ പൊളിച്ചു നീക്കാതെ ഒരു ജനതയ്ക്കും മുന്നോട്ടുപോകാനാവില്ല!” എന്നാണ് സനല്‍ കുമാര്‍ ശശിധരന്റെ കുറിപ്പ്.
അതേസമയം, അപകടം പതിയിരിക്കുന്ന ഹിമാലയന്‍ പര്‍വതനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമായ ചിത്രത്തിന്റെ തിരക്കഥ, എഡിറ്റിംഗ്, സൗണ്ട് ഡിസൈന്‍ എന്നിവയും സംവിധായകന്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന് വേണ്ടി അഹര്‍സംസ എന്ന ഭാഷ തന്നെ തയാറാക്കിയിരുന്നു. ഈ ഭാഷയില്‍ കയറ്റം എന്നതിനുള്ള വാക്കായ ‘അഹര്‍’ ആണ് ചിത്രത്തിന്റെ മറ്റൊരു ടൈറ്റില്‍.
അഹര്‍ സംസയിലുള്ള പത്ത് പാട്ടുകളിലൂടെ വ്യത്യസ്തമായ രീതിയില്‍ കഥ പറയുന്ന സിനിമയിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത് രതീഷ് ഈറ്റില്ലമാണ്. ‘എസ് ദുര്‍ഗ’ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വേദ് ആണ് ചിത്രത്തിലെ മറ്റൊരു താരം. മഞ്ജു വാര്യര്‍ക്കു പുറമെ ഉത്തരേന്ത്യയിലെ നാടക കലാകാരന്മാരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. പുതുമുഖം ഗൗരവ് രവീന്ദ്രനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.