സന മൊയ്തൂട്ടി 'ആനന്ദകല്ല്യാണ'ത്തിലൂടെ മലയാളത്തിലേക്ക്

വിവിധ ഭാഷകളില്‍ ഒട്ടേറെ ഹിറ്റു ഗാനങ്ങള്‍ ആലപിച്ച് തരംഗം സൃഷ്ടിച്ച ഗായിക സന മൊയ്തൂട്ടി ആദ്യമായി മലയാള സിനിമയില്‍ പാടാനൊരുങ്ങുന്നു. പി.സി സുധീര്‍ സംവിധാനം ചെയ്യുന്ന “ആനന്ദകല്യാണം” എന്ന ചിത്രത്തിലൂടെയാണ് സന മലയാള സിനിമയില്‍ തുടക്കം കുറിക്കുന്നത്. ഗായകന്‍ കെ.എസ് ഹരിശങ്കറിന്റെ കൂടെയാണ് സന പാടുന്നത്.

സന മൊയ്തൂട്ടിക്ക് പുറമെ പ്രമുഖ ഗായകരായ എം ജി ശ്രീകുമാര്‍, ജ്യോത്സ്‌ന, നജീബ് അര്‍ഷാദ്, സുനില്‍കുമാര്‍ കോഴിക്കോട്, ശ്രീകാന്ത് കൃഷ്ണ എന്നിവരും ആനന്ദകല്ല്യാണത്തില്‍ പാടുന്നുണ്ട്. ഫാമിലി എന്‍ര്‍ടെയ്‌നറായ ആനന്ദകല്ല്യാണം പ്രണയത്തിനും സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണെന്ന് സംവിധായകന്‍ പി.സി സുധീര്‍ബാബു പറയുന്നത്. ആക്ഷനും കോമഡിയുമുള്ള ആനന്ദകല്ല്യാണം എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്നതാണ്.

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി വരുന്നതായും സംവിധായകന്‍ പറഞ്ഞു. സീബ്ര മീഡിയയുടെ ബാനറില്‍ മൂജീബ് റഹമാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധായകന്‍ പി.സി സുധീര്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. അഷ്‌കര്‍ സൗദാന്‍, പുതുമുഖ നടി അര്‍ച്ചന എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍.

ബിജുക്കുട്ടന്‍, സുനില്‍ സുഗത, പ്രദീപ് കോട്ടയം, ശിവജി ഗുരുവായൂര്‍ , നീനാ കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് രാജേഷ് ബാബു ആണ്. ഗാനരചന നിഷാന്ത് കോടമന, എഡിറ്റിങ് അമൃത്, അസോ. ഡയറക്ടേഴ്‌സ് അനീഷ് തങ്കച്ചന്‍, നിഖില്‍ മാധവ്, പി.ആര്‍ സുമേരനാണ് പിആര്‍ഒ.