സാമന്തയ്ക്ക് ചര്‍മ്മരോഗം, യു.എസിലേക്ക് പറന്ന് താരം; 'യശോദ'യും 'ശാകുന്തള'വും പ്രതിസന്ധിയില്‍

ചര്‍മ്മരോഗം ബാധിച്ചതിനെ തുടര്‍ന്ന് സാമന്ത ചികിത്സയ്ക്കായി വിദേശത്തേക്ക് പോയതായി റിപ്പോര്‍ട്ടുകള്‍. ചികിത്സയ്ക്കായി താരം യുഎസിലേക്ക് പറന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചര്‍മ്മപ്രശ്‌നം മൂലം നടി വളരെയധികം കഷ്ടപ്പെടുകയും വിഷാദത്തിലേക്ക് വഴുതി വീഴുകയും ചെയ്തിരുന്നു. ചികിത്സ കഴിഞ്ഞ് സാമന്ത എപ്പോഴാണ് തിരികെ വരിക എന്നത് സംബന്ധിച്ച് കൃത്യമായി വിവരമില്ല.

ഇതോടെ താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകളാണ് പ്രതിസന്ധിയില്‍ ആയിരിക്കുന്നത്. യശോദ, ശാകുന്തളം, ഖുഷി എന്നിങ്ങനെ മൂന്ന് സിനിമകളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. സാമന്ത വിദേശത്ത് നിന്നും തിരികെ വരാതെ ഈ സിനിമകളുടെ ഷൂട്ടിംഗ് തുടരാനോ റിലീസിന് എത്തിക്കാനോ സാധിക്കില്ല.

സാമന്ത എപ്പോള്‍ സുഖം പ്രാപിച്ച് തിരിച്ചു വരുമെന്നതില്‍ നിര്‍മ്മാതാക്കള്‍ക്ക് ഒരു സൂചനയും ഇല്ല. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സാമന്ത തന്റെ എല്ലാ പൊതുപരിപാടികളും കുറച്ച് നാളുകളായി നിര്‍ത്തി വച്ചിരിക്കുകയാണ്. ഹരി-ഹരിഷിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന യശോധയില്‍ ഉണ്ണി മുകുന്ദന്‍ ആണ് നായകനായി എത്തുന്നത്.

ഒരുപാട് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്ന ഗര്‍ഭിണിയായ സ്ത്രീ ആയാണ് ചിത്രത്തില്‍ സാമന്ത വേഷമിടുന്നത് എന്നാണ് ട്രെയ്‌ലറില്‍ നിന്നുള്ള സൂചന. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തെ അടിസ്ഥാനമാക്കിയാണ് ശാകുന്തളം എന്ന സിനിമ ഒരുങ്ങുന്നത്. വിജയ് ദേവരകൊണ്ട നായകനാകുന്ന ഖുശിയുടെ ഷൂട്ടിംഗ് നടക്കുകയാണ്.