സൈജു കുറുപ്പ് വീണ്ടും നായകനാവുന്നു

ഒരിടവേളയ്ക്ക് ശേഷം സൈജുക്കുറുപ്പ് വീണ്ടും നായകനായെത്തുന്ന ചിത്രം വരുന്നു. നവാഗതനായ സിന്റോ സണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സൈജു നായക വേഷത്തിലെത്തുന്നത്.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് നിര്‍മ്മിക്കുന്നത്. കളിമണ്ണ്, മ്യാവു ,എല്ലാം ശരിയാകും, മേ ഹൂം മുസ എന്നീ ചിത്രങ്ങള്‍ക്കു ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രമാണിത്.

ജിബു ജേക്കബ്ബിന്റെ പ്രധാന സഹായിയായി പ്രവര്‍ത്തിച്ചു പോരുകയായിരുന്നു സിന്റോ സണ്ണി. നാട്ടില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഫാമിലി കോമഡി ഡ്രാമയായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ജിബു ജേക്കബ് ഈ ചിത്രത്തിലെ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മലയാള സിനിമയിലെ സംഗീത രംഗത്ത് ഏറെ ഹിറ്റുകള്‍ സമ്മാനിച്ച കുട്ടുകെട്ടാണ് ഔസേപ്പച്ചന്‍-എം.ജി.ശ്രീകുമാര്‍, സുജാത ടീമിന്റേത്. ആ കോമ്പിനേഷന്‍ വീണ്ടും എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വിനീത് ശ്രീനിവാസന്‍ ,വൈക്കം വിജയലഷ്മി, ഫ്രാങ്കോ ,അമല്‍ ആന്റണി, സിജോസണ്ണി എന്നിവരും ഗായകരായുണ്ട്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയാണിത്.

ദര്‍ശന (സോളമന്റെ തേനീച്ചകള്‍ ഫെയിം) യാണ് നായിക. ഷമ്മി തിലകന്‍, ജഗദീഷ്, ജോണി ആന്റണി ,കോട്ടയം നസീര്‍, ശ്രിന്ധ, ജോളി ചിറയത്ത്, ശരണ്‍ രാജ് എന്നിവര്‍ക്കൊപ്പം കടത്തല്‍ക്കാരന്‍ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ഷിജു മാടക്കരയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ശ്രീജിത്ത് നായരാണ് ഛായാഗ്രാഹകന്‍.