ചാര്‍ലിയുടെ തമിഴ് റീമേയ്ക്കില്‍ നിന്ന് സായ് പല്ലവി പിന്മാറി; ടെസയാവുക ശ്രദ്ധ ശ്രീനാഥ്

ചാര്‍ലിയുടെ തമിഴ് റീമേയ്ക്കില്‍ നിന്നും സായ് പല്ലവി പുറത്ത്. മലയാളത്തില്‍ പാര്‍വ്വതി അവതരിപ്പിച്ച ടെസയുടെ റോളില്‍ ശ്രദ്ധ ശ്രീനാഥാവും എത്തുക. ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ എ.എല്‍ വിജയ് ആണ് നേരത്തെ ചാര്‍ലിയുടെ റീമേക്ക് പ്രഖ്യാപിച്ചത്. നായികയായി സായി പല്ലവിയെയാണ് തീരുമാനിച്ചത്. വിജയ് തിരക്കിലായതോടെ ദിലീപ് കുമാര്‍ ചിത്രം ഏറ്റെടുക്കുകയായിരുന്നു.

ഡേറ്റിലെ പ്രശ്‌നങ്ങള്‍ കാരണം സായ് പല്ലവി പിന്മാറിയതോടെയാണ് ശ്രദ്ധയ്ക്ക് നറുക്ക് വീണത്. “മാര” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മാധവനാണ് ചിത്രത്തിലെ നായകന്‍. മലയാളത്തില്‍ അപര്‍ണ ഗോപിനാഥ് ചെയ്ത വേഷം ശിവദയാണ് ചെയ്യുക.

തമിഴില്‍ ആവശ്യമായ മാറ്റങ്ങളോടെയാണ് ചിത്രം ഒരുക്കുക എന്നാണ് അണിയറക്കാര്‍ വ്യക്തമാക്കുന്നത്. അടുത്തിടെ ചാര്‍ലിയുടെ മറാഠി റീമേക്കും പുറത്തുവന്നിരുന്നു.