ക്രിക്കറ്റ് ആരവമുണര്‍ത്തി 'സച്ചിന്‍' ഇന്ന് തിയേറ്ററുകളില്‍

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ക്രിക്കറ്റ് പശ്ചാത്തലത്തില്‍ സന്തോഷ് നായര്‍ ഒരുക്കുന്ന “സച്ചിന്‍” ഇന്ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ തിയേറ്റര്‍ ലിസ്റ്റ് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചു. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രം ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ പ്രണയകഥ പറയുന്ന ചിത്രമാണ്. സൗഹൃദത്തിന്റെ കൂടി കഥയാണ് സച്ചിന്‍ പറയുന്നത്. ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ചിരിഉത്സവം തീര്‍ക്കുമെന്ന പ്രതീക്ഷയില്‍ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

ചിത്രത്തില്‍ “സച്ചിന്‍” എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. ക്രിക്കറ്റിനോടുള്ള സച്ചിന്റെ ആരാധനയും സൗഹൃദവും പ്രണയവുമൊക്കെയാണ് സിനിമയില്‍ നിറയുന്നത്. അന്ന രേഷ്മ രാജനാണ് ചിത്രത്തില്‍ നായിക.

എസ്.എല്‍.പുരം ജയസൂര്യയാണ് രചന. ഹരീഷ് കണാരന്‍, മണിയന്‍ പിള്ള രാജു, രമേശ് പിഷാരടി, രഞ്ജി പണിക്കര്‍, ജൂബി നൈനാന്‍, അപ്പാനി ശരത്, മാലാ പാര്‍വ്വതി, അന്ന രാജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഷാന്‍ റഹമാനാണ് ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.