അപൂര്‍വയിനം തത്തകളെ വളര്‍ത്തി; നടന്‍ റോബോ ശങ്കറിന് ലക്ഷങ്ങള്‍ പിഴ

നടന്‍ റോബോ ശങ്കര്‍ നിയമക്കുരുക്കില്‍. അപൂര്‍വയിനം തത്തകളെ വീടിനുള്ളില്‍ കൂട്ടിലിട്ട് വളര്‍ത്തിയതാണ് റോബോ ശങ്കറിന് വിനയായത്. ചെന്നൈക്കടുത്ത് സാലി ഗ്രാമത്തിലാണ് റോബോ ഷങ്കറിന്റെ വീട്. ഒരു നായും തത്തകളില്‍ അപൂര്‍വയിനമായ രണ്ട് അലക്‌സാന്ദ്രൈന്‍ പാരക്കീറ്റുകളെയുമാണ് ശങ്കറിന്റെ വീട്ടിലുള്ളത്.

ഈ രണ്ട് പക്ഷികളേയും കൂട്ടിലടച്ചാണ് പരിപാലിക്കുന്നത്. ഒരു തമിഴ് യൂട്യൂബ് ചാനല്‍ നടത്തിയ ഹോം ടൂര്‍ വീഡിയോ ആണ് നടനെ കുഴിയില്‍ ചാടിച്ചിരിക്കുന്നത്. രണ്ട് പക്ഷികളേയും തമിഴ്‌നാട് വൈല്‍ഡ് ലൈഫ് കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചെടുത്തിരിക്കുകയാണ്.

യൂട്യൂബ് ചാനലില്‍ വന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ട മൃഗാവകാശ പ്രവര്‍ത്തകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് വൈല്‍ഡ് ലൈഫ് കണ്‍ട്രോള്‍ ബ്യൂറോയുടെ നടപടി. പരമാവധി ശിക്ഷയായ അഞ്ച് ലക്ഷം രൂപ പിഴയാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

Read more

അതേസമയം, ‘കോബ്ര’ആണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ‘ധര്‍മ്മ ചക്രം’ എന്ന സിനിമയിലൂടെയാണ് താരം സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ‘ദീപാവലി’, ‘മാരി’, ‘പുലി’, ‘വേലൈക്കാരന്‍’, ‘ഇരുമ്പുതുറൈ’, ‘മാരി 2’, ‘വിശ്വാസം’ തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്.