ഞാനും നിരാശയിലാണ്, ഇത് എന്റെ സ്വപ്‌നമായിരുന്നു, പക്ഷെ..; ധ്രുവനച്ചത്തിരം റിലീസ് വൈകുന്നതില്‍ പ്രതികരിച്ച് നായിക

വര്‍ഷങ്ങളായി സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘ധ്രുവനച്ചത്തിരം.’ ചിത്രത്തിന്റെ റിലീസ് തിയതി പലതവണയായി മാറ്റി വയ്ക്കുകയാണ്. സിനിമയുടെ റിലീസ് വൈകുന്നതില്‍ തനിക്കും നിരാശയുണ്ടെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിലെ നായികയായ ഋതു വര്‍മ്മ.

”ധ്രുവനച്ചത്തിരത്തിന്റെ റിലീസ് തുടര്‍ച്ചയായി മാറ്റിവയ്ക്കുന്നത് നിരാശപ്പെടുത്തുന്നു. ഇത് ശരിക്കും ഒരു മികച്ച ചിത്രമാണ്, ഗൗതം സാറിന്റെ മിടുക്ക് ഒരിക്കല്‍ കൂടി കാണാന്‍ പ്രേക്ഷകരെ പോലെ ഞാനും ആകാംക്ഷയിലാണ്. ഗൗതം വാസുദേവ് മേനോനൊപ്പം ധ്രുവനച്ചത്തിരത്തില്‍ അഭിനയിക്കുക എന്നത് തന്റെ സ്വപ്നമായിരുന്നു” എന്നാണ് ഋതു വര്‍മ്മ പറയുന്നത്.

അതേസമയം, 2017ല്‍ ഷൂട്ടിംഗ് തുടങ്ങിയ ചിത്രം ഇടയ്ക്ക് മുടങ്ങുകയും പിന്നീട് പുനരാരംഭിക്കുകയും ചെയ്തിരുന്നു. 2020ല്‍ റിലീസ് ചെയ്യാനിരുന്നെങ്കിലും കോവിഡ് സാഹചര്യങ്ങളെ തുടര്‍ന്ന് പ്രൊഡക്ഷന്‍ നീണ്ടുപോയി. പിന്നീട് പല റിലീസ് തിയതികള്‍ പ്രഖ്യാപിച്ചെങ്കിലും സിനിമ തിയേറ്ററില്‍ എത്തിയിരുന്നില്ല.

ഈ വര്‍ഷം മാര്‍ച്ച് 1 ആയിരുന്നു ഒടുവില്‍ ഗൗതം മേനോന്‍ പ്രഖ്യാപിച്ച റിലീസ് തിയതി. എന്നാല്‍ സിനിമ പിന്നെയും നീട്ടി. പുതുക്കിയ റിലീസ് തിയതി പുറത്തുവന്നിട്ടുമില്ല. ജോണ്‍ എന്ന സീക്രട്ട് ഏജന്റ് ആയാണ് സിനിമയില്‍ വിക്രം എത്തുന്നത്.

സിമ്രാന്‍, ആര്‍ പാര്‍ഥിപന്‍, ഐശ്വര്യ രാജേഷ്, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യ ദര്‍ശിനി എന്നീ വമ്പന്‍ താരനിരയാണ് വിക്രം നായകനായ സിനിമയില്‍ അണിനിരക്കുന്നത്. സിനിമ ചെയ്യുന്നതിനായി ഗൗതം മേനോന്‍ പ്രമുഖ ബാനറില്‍ നിന്നും വാങ്ങിയ 2.6 കോടി തിരിച്ചു കൊടുക്കാത്തതിനാല്‍ സിനിമയ്‌ക്കെതിരെ കേസ് വന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Read more