'ഞാൻ മരിച്ചുപോയാൽ എന്നെ ഓർക്കുമോ?' ഓർമയുടെ രണ്ട് വർഷം..

മലയാള സിനിമയിൽ അഞ്ചു പതിറ്റാണ്ടോളം പൊട്ടിച്ചിരിപ്പിച്ചും ഈറനണിയിച്ചും നമുക്കൊപ്പം ഉണ്ടായിരുന്ന അഭിനയ വിസ്മയമായിരുന്നു മലയാളികളുടെ സ്വന്തം കെപിഎസി ലളിത. അനാരോഗ്യത്തെ വകവയ്ക്കാതെയും കഥാപാത്രങ്ങളെ ഇരുംകയ്യും നീട്ടി സ്വീകരിച്ചു കൊണ്ടിരുന്ന ലളിതാമ്മയുടെ ആഗ്രഹം മരണം വരെ അഭിനയിക്കുക എന്നതായിരുന്നു.

പുതിയ സിനിമകൾ തിയേറ്ററിലെത്താൻ ഇരിക്കവെയായിരുന്നു ചമയം അഴിച്ചുവച്ച് ലളിതയുടെ മടക്കം. മമ്മൂട്ടിക്കൊപ്പം ഭീഷ്മപർവ്വം നവ്യ നായർക്കൊപ്പം ഒരുത്തീ എന്നീ സിനിമകളിലാണ് കെപിഎസി ലളിത അവസാനമായി വേഷമിട്ടത്.

ആലപ്പുഴയിലെ രാമപുരത്ത് ഭാർഗവി അമ്മയുടെയും പിതാവ് കടയ്ക്കത്തറൽ വീട്ടിൽ കെ അനന്തൻ നായരുടെയും മകളായി 1947 ഫെബ്രുവരി 25നാണ് മഹേശ്വരി അമ്മ എന്ന കെപിഎസി ലളിത ജനിച്ചത്. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു. പത്താം വയസിൽ ഗീത എന്ന നാടകസംഘത്തിൻ്റെ ‘ബലി’ എന്ന നാടകത്തിൽ നർത്തകിയായി എത്തി.

64ൽ അക്കാലത്തെ പ്രമുഖ നാടക സംഘടന ആയിരുന്ന കെ.പി.എ.സിക്കൊപ്പം ലളിത ചേർന്നു . ഇതോടെ തോപ്പിൽഭാസി മഹേശ്വരിയെ ലളിതയാക്കി. കെ.എസ് സേതുമാധവന്റെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. കെപിഎസിയുടെ നാടകത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തിൽ, നാടകത്തിലെ അതേ കഥാപാത്രം തന്നെയായിരുന്നു ലളിതയ്ക്ക്. പിന്നെ കൊടിയേറ്റത്തിൽ ഭരത് ഗോപിക്കൊപ്പം നായികയായി.

സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, ചക്രവാളം, കൊടിയേറ്റം, സന്മനസ്സുള്ളവർക്ക് സമാധാനം, പൊൻമുട്ടയിടുന്ന താറാവ്, വടക്കുനോക്കി യന്ത്രം, വെങ്കലം, ഗോഡ് ഫാദർ, വിയറ്റ്‌നാം കോളനി, ശാന്തം, അമരം, സന്ദേശം, നീല പൊൻമാൻ അങ്ങനെ നീളുന്നു ലളിത അഭിനയിച്ച് വിസ്മയിപ്പിച്ച ചിത്രങ്ങൾ.

1978ൽ സംവിധായകൻ ഭരതനുമായുള്ള വിവാഹത്തിനു ശേഷമാണ് വടക്കാഞ്ചേരിയുടെ മരുമകളായി ലളിത എങ്കക്കാട് എത്തുന്നത്. അന്ന് മലയാള സിനിമയുടെ തലസ്ഥാനം ‘മദ്രാസ്’ ആയിരുന്നതിനാൽ ഭരതനൊപ്പം ചെന്നൈയിലായിരുന്നു ലളിതയുടെ ജീവിതം. 1998ൽ ഭരതന്റെ വേർപാടിനു ശേഷം എങ്കക്കാട്ടെ പാലിശേരി തറവാട്ടിലേയ്ക്കു താമസം മാറ്റി.

ഭരതൻ അകാലത്തിൽ മരിച്ചപ്പോൾ ആറു മാസത്തോളം വീട്ടിലെ ഇരുളിൽ ലളിത ഒതുങ്ങിപ്പോയിരുന്നു. പക്ഷേ 1999-ൽ സത്യൻ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടൂകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ശക്തമായി സിനിമ രംഗത്തേക്ക് തിരിച്ചു വന്നു. ലളിതാമ്മ വീണ്ടും ഓടി നടന്ന് സിനിമകളിൽ അഭിനയിക്കാൻ തുടങ്ങി. ചുറ്റും കടബാധ്യതകളായിരുന്നു. കടബാധ്യതകളിൽ നിന്നും കരകയറാനുള്ള വഴിയായിരുന്നു പിന്നീട് സിനിമ. ഭർത്താവ് വരുത്തിവച്ച വലിയ ബാധ്യതകൾ അക്ഷീണമായ പ്രയത്നം കൊണ്ട് ലളിത ഇല്ലാതാക്കി.

‘ദൈവം ഒരു പ്രേക്ഷകനാണെങ്കിൽ എപ്പോഴും കരയുന്ന എന്നെയാണ് ആ ദൈവത്തിന് ഇഷ്ടം’ എന്ന് കെപിഎസി ലളിത ഒരിക്കൽ പറഞ്ഞിരുന്നു. കാലം വേദനകളാൽ പലതവണ മുറിവേൽപ്പിച്ചിട്ടും ജീവിതത്തിൽ തോറ്റു കൊടുക്കാൻ അവർ തയാറായിരുന്നില്ല. ഉൾക്കരുത്തുള്ള കഥാപാത്രങ്ങളെ പോലും സ്വാഭാവികതയോടെ അഭിനയിച്ചു ഫലിപ്പിക്കാൻ ലളിതയ്ക്ക് കഴിഞ്ഞത് ജീവിതവും അഭിനയവും കെട്ടുപിണഞ്ഞു കിടക്കുന്നതിനാലാവാം.

സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുമ്പോഴും ലളിതമായിരുന്നില്ല ലളിതയുടെ ജീവിത യാത്രകൾ. ബാല്യകാലവും ഭരതന്റെ മരണവും കട ബാധ്യതകളും അപകടങ്ങളും ലളിതയെ വല്ലാതെ തളർത്തിയിരുന്നു. എങ്കിലും മലയാളികളെ ചിരിപ്പിച്ചും ചിലപ്പോൾ കരയിപ്പിച്ചും അവർ അരങ്ങിൽ തിളങ്ങി.

അച്ഛനും അമ്മയുടെ വീട്ടുകാരും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയാണ് കെപിഎസി ലളിതയുടെ ബാല്യകാലത്ത് അസ്വാരസ്യങ്ങൾക്കിടയാക്കിയത്. പാർട്ടി പ്രവർത്തനവുമായും മറ്റും ബന്ധപ്പെട്ടുള്ള അച്ഛന്റെ വീടുവിട്ടുള്ള യാത്രകളും അമ്മയിൽ നിന്ന് പതിവായി കേൾക്കുന്ന ശകാരവും മർദനവുമെല്ലാം വീട്ടിൽ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കി.

മികച്ച നടിക്കുള്ള ദേശീയ അവാർഡുകൾ രണ്ട് തവണ കെപിഎസി ലളിത സ്വന്തമാക്കിയിട്ടുണ്ട്. 1991ൽ ‘അമരം’ എന്ന ചിത്രത്തിലൂടെയും 2000ൽ ‘ശാന്തം’ എന്ന ചിത്രത്തിലൂടെയുമായിരുന്നു. നാല് തവണ കേരള സർക്കാരിന്റെ രണ്ടാമത്തെ നടിക്കുള്ള ചലച്ചിത്ര അവാർഡ് കെപിഎസി ലളിത നേടിയിട്ടുണ്ട്. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.