ജോജു ജോര്‍ജിന്റെ അര്‍പ്പണ മനോഭാവത്തെ പ്രശംസിച്ച് പിറന്നാള്‍ ആശംസകളുമായി ഛായാഗ്രാഹകനും സംവിധായകനുമായ രവി കെ. ചന്ദ്രന്‍. തഗ് ലൈഫ് എന്ന ചിത്രത്തിന്റെ സെറ്റില്‍ കമല്‍ ഹാസനൊപ്പം ജോജു നില്‍ക്കുന്ന ഒരു ചിത്രം പങ്കുവച്ചു കൊണ്ടാണ് രവി കെ. ചന്ദ്രന്‍ നടന് ആശംസകള്‍ അറിയിച്ചത്. കാല് ഒടിഞ്ഞിട്ടും താരം സംഘട്ടനരംഗം പൂര്‍ത്തിയാക്കി എന്നാണ് രവി പറയുന്നത്.
”സിനിമയോടുള്ള ആത്മാര്‍ഥമായ സമര്‍പ്പണവും സ്‌നേഹവുമുള്ള രണ്ട് വലിയ വ്യക്തികള്‍. ഒടിഞ്ഞ കാലുമായി അവിശ്വസനീയമായ ഒരു ആക്ഷന്‍ രംഗമാണ് ജോജു പൂര്‍ത്തിയാക്കിയത്. പ്രിയപ്പെട്ട ജോജുവിന് ജന്മദിനാശംസകള്‍” എന്നാണ് രവി കെ. ചന്ദ്രന്‍ കുറിച്ചത്. തഗ് ലൈഫില്‍ കമല്‍ഹാസന്‍, ചിമ്പു എന്നിവര്‍ക്കൊപ്പം ജോജു ജോര്‍ജും പ്രധാന വേഷത്തിലുണ്ടായിരുന്നു.

ചിത്രത്തിന്റെ ഛായാഗ്രാഹകനായിരുന്നു രവി കെ. ചന്ദ്രന്‍. അതേസമയം, ജോജു ജോര്‍ജിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് രണ്ട് പുതിയ സിനിമകളുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകള്‍ ഇന്ന് പുറത്തെത്തിയിട്ടുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘വലതുവശത്തെ കള്ളന്‍’ ആണ് താരത്തിന്റെ പുതിയ ചിത്രം.
Read more
ഉര്‍വശിയും ജോജു ജോര്‍ജും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ‘ആശ’ എന്ന ചിത്രത്തിലെ ജോജുവിന്റെ സ്‌പെഷല്‍ പോസ്റ്ററും പുറത്തെത്തിയിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മി, വിജയരാഘവന്‍ തുടങ്ങിയവരും ആശയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫര്‍ സനലാണ്.







