മകള്‍ ഉപേക്ഷിച്ചു പോയതാണോ? ഒടുവില്‍ രാണു പറയുന്നു

രാണു മൊണ്ടാലിനെ തേടിയുള്ള മകളുടെ മടങ്ങി വരവിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. പേരും പ്രശസ്തിയും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും ആരോപണമുയര്‍ന്നു. മകള്‍ വിമര്‍ശനങ്ങളില്‍ പ്രതികരിച്ചെങ്കിലും രാണു നിശ്ശബ്ദയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ദിവസങ്ങള്‍ക്ക് ശേഷം പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് രാണു.

ഭൂതകാലത്തുണ്ടായ സംഭവങ്ങളിലേക്കൊന്നും ഞാന്‍ പോകുന്നില്ല. പഴയതെല്ലാം ചികഞ്ഞെടുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. എല്ലാം വിധി. നമുക്ക് നഷ്ടപ്പെട്ടതെല്ലാം ഒരിക്കല്‍ നമ്മളിലേക്ക് തന്നെ വന്നു ചേര്‍ന്നേക്കാം- രാണു പറഞ്ഞു.

എന്നാല്‍ അമ്മ റെയില്‍വെ സ്റ്റേഷനിലിരുന്ന് പാടുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് മകള്‍ എലിസബത്ത് സതി റോയ് പറഞ്ഞത്. അവരുടെ വിശദീകരണം ഇങ്ങനെ…

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കൊല്‍ക്കത്തയ്ക്കടുത്ത് ധര്‍മ്മതലയില്‍ പോയപ്പോള്‍ അമ്മ ഒരു ബസ് സ്റ്റാന്‍ഡില്‍ യാതൊരു ലക്ഷ്യവുമില്ലാതെ ഇരിക്കുന്നത് കണ്ടിരുന്നു. അന്ന് ഞാന്‍ 200 രൂപ നല്‍കി വീട്ടില്‍ പോകാന്‍ ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഞാന്‍ കഴിയുമ്പോഴെല്ലാം അമ്മയ്ക്കു വേണ്ടി അമ്മാവന്റെ അക്കൗണ്ടിലേയ്ക്ക് 500 രൂപ അയച്ചു കൊടുക്കാറുണ്ട്. ഞാന്‍ ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയാണ്. ഒരു ചെറിയ കട നടത്തിയാണ് ജീവിതം കഴിക്കുന്നത്. ഒരു മകനുണ്ട്. കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. എന്നിട്ടും ഞാന്‍ അമ്മയെ നോക്കാറുണ്ട്. എലിസബത്ത് പറഞ്ഞു.

അമ്മയെ പരിചരിക്കുന്ന അമ്ര ശോഭൈ ഷൊയ്താന്‍ ക്ലബിലെ ഭാരവാഹികള്‍ എന്നെ ഭീഷണിപ്പെടുത്തുകയാണ്. അമ്മയെ സന്ദര്‍ശിക്കാനൊന്നും അവര്‍ അനുവദിക്കുന്നില്ല. അമ്മയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ എന്റെ കാല്‍ തല്ലിയൊടിക്കുമെന്നാണ് അവരുടെ ഭീഷണി. അമ്മയുമായി ഫോണില്‍ സംസാരിക്കാന്‍ പോലും അവര്‍ അനുവദിക്കുന്നില്ല. ഇപ്പോള്‍ അമ്മയെ എനിക്കെതിരേ തിരിക്കാനാണ് ശ്രമം. സതി പറഞ്ഞു.