സുരേഷ് ഗോപി-രഞ്ജി പണിക്കര്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; ഒരുങ്ങുന്നത് ഫാമിലി ആക്ഷന്‍ ഡ്രാമ

നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സുരേഷ് ഗോപി-രഞ്ജി പണിക്കര്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. സംവിധായകനായോ തിരക്കഥാകൃത്തോ ആയിട്ടല്ല മുഴുനീള വേഷമവതരിപ്പിച്ചുകൊണ്ടാണ് രണ്‍ജി പണിക്കര്‍ സുരേഷ് ഗോപിയുമായി ഒന്നിക്കുന്നത്. നിഥിന്‍ രണ്‍ജി പണിക്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന കാവലിലാണ് ഇരുവരും ഒന്നിക്കുന്നത്.

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന ഫാമിലി ആക്ഷന്‍ ഡ്രാമയായിരിക്കും ചിത്രമെന്നാണ് വിവരം. ഗുഡ്വില്‍ എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. സയാ ഡേവിഡ് നായികയാകുന്ന ചിത്രത്തില്‍ ഐ എം വിജയന്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്‍ ജോസ്, കണ്ണന്‍ രാജന്‍ പി ദേവ്, മുരുകന്‍, മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

നിഖില്‍ എസ് പ്രവീണായിരിക്കും ഛായാഗ്രഹണം. രഞ്ജിന്‍ രാജ് സംഗീതം നിര്‍വഹിക്കും. 20 ന് കട്ടപ്പനയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.