‘അടുത്തിടെ കണ്ട ഏറ്റവും ഗംഭീരമായ ചിത്രം’; ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനെ പ്രശംസിച്ച് റാണി മുഖര്‍ജി, സന്ദേശം കൈമാറി പൃഥ്വിരാജ്

Advertisement

സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ ചിത്രങ്ങളില്‍ ഒന്നാണ് ജിയോ ബേബി ഒരുക്കിയ ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’. ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകശ്രദ്ധയും നിരൂപകപ്രശംസയും ഒരുപോലെ നേടി. നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും വേഷമിട്ട ചിത്രം വിവാഹ ശേഷം അടുക്കളയും പാചകവുമായി മാത്രം ഒതുങ്ങിപ്പോകുന്ന ഒരുകൂട്ടം സ്ത്രീജനങ്ങളുടെ ആത്മസംഘര്‍ഷങ്ങളുടെ കഥയാണ് ചിത്രം പറഞ്ഞത്.

ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം റാണി മുഖര്‍ജി. നടന്‍ പൃഥ്വിരാജിനാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ കണ്ട ശേഷം സംവിധായകനെ തന്റെ പ്രശംസകള്‍ അറിയിക്കാനായി റാണി മെസേജ് അയച്ചിരിക്കുന്നത്. അടുത്തിടെ ഇറങ്ങിയതില്‍ വച്ച് ഏറ്റവും ഗംഭീരമായ ചിത്രങ്ങളില്‍ ഒന്നാണ് സിനിമയെന്ന് റാണി പറയുന്നത്. പൃഥ്വിരാജ് അയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ജിയോ ബേബി പങ്കുവച്ചിരിക്കുന്നത്.

പൃഥ്വിരാജിന്റെ സന്ദേശം:

ഹായ് ജിയോ, ഇത് പൃഥ്വിരാജ് ആണ്. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സിനിമ കണ്ട റാണി മുഖര്‍ജി നിങ്ങളോട് പറയാന്‍ ആവശ്യപ്പെട്ട കാര്യമാണ് ഞാന്‍ പങ്കുവയ്ക്കുന്നത്. അവരുടെ മെസേജ് ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി കോപ്പി പേസ്റ്റ് ചെയ്യുന്നു.
PS: ഞാന്‍ ഇതുവരെ സിനിമ കണ്ടിട്ടില്ല. എങ്കിലും സിനിമയുടെ ഗംഭീര വിജയത്തിന് അഭിനന്ദനങ്ങള്‍.

റാണി മുഖര്‍ജിയുടെ സന്ദേശം:

പൃഥ്വി… ഇത് ഞാനാണ്… ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമ ഞാന്‍ കണ്ടു… ഗംഭീരം! അടുത്തിടെ ഇറങ്ങിയതില്‍ വച്ച് ഏറ്റവും ഗംഭീരമായ ചിത്രങ്ങളില്‍ ഒന്നാണ് ഇതെന്നും എനിക്കിഷ്ടമായെന്നും സംവിധായകനോട് ദയവായി പറയാമോ… നിന്റെ പേര് കണ്ടപ്പോള്‍ ഈ മെസേജ് നിന്നിലൂടെ കൈമാറാം എന്ന് വിചാരിച്ചു.. വളരെ നല്ല സിനിമയാണ്.. സുഖമായിരിക്കുന്നുവെന്ന് വിശ്വസിക്കുന്നു… കുഞ്ഞിന് സ്‌നേഹാശംസകള്‍.. ഉടന്‍ സംസാരിക്കാം…