1600 കോടി ബജറ്റിൽ രാമായണ, ബ്രഹ്മാണ്ഡ ചിത്രത്തിനായി രൺബീറും യഷും വാങ്ങുന്ന പ്രതിഫലം പുറത്ത്, സായി പല്ലവിക്കും റെക്കോഡ് തുക

രാമായണ സിനിമയിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന രൺബീർ കപൂറിന്റെയും യഷിന്റെയും പ്രതിഫല വിവരങ്ങൾ പുറത്ത്. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ രാമനും രാവണനുമായാണ് സൂപ്പർതാരങ്ങൾ എത്തുക. സീതയായി സായി പല്ലവിയും വേഷമിടുന്നു. രണ്ട് ഭാ​ഗങ്ങളായാണ് ബി​ഗ് ബജറ്റ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. 1600 കോടിയാണ് രണ്ട് ഭാ​ഗങ്ങൾക്കും കൂടി ചെലവ് വരികയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിൽ ആദ്യ ഭാ​ഗം 2026 ദീപാവലിക്കും രണ്ടാം ഭാ​ഗം 2027ലും പുറത്തിറങ്ങും. ഹാൻസ് സിമ്മറും എആർ റഹ്മാനും ചേർന്നാണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്.

അതേസമയം 150 കോടിയാണ് ചിത്രത്തിനായി രൺബീർ കപൂർ പ്രതിഫലം വാങ്ങുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഓരോ ഭാഗത്തിനും 70-75 കോടി രൂപ വീതം നടന് പ്രതിഫലമായി ലഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. യഷിന്റെ പ്രതിഫലം 100 കോടിയാണ് എന്നാണ് വിവരം. 50 കോടി വീതമാണ് രണ്ട് ഭാ​ഗങ്ങൾക്കുമായി യഷ് വാങ്ങുന്നത്. സായി പല്ലവിക്ക് 12 കോടി രൂപയാണ് പ്രതിഫലമായി ലഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ. ആറ് കോടി വീതമാണ് രണ്ട് ഭാഗങ്ങൾക്കുമായി നടി വാങ്ങുക.

രാമായണ പാർ‌ട്ട് 1ൽ വളരെ കുറച്ച് സ്ക്രീൻ ടൈം മാത്രമാണ് യഷിന് ഉണ്ടാവുക. രാവണനായി വേഷമിടുന്ന യഷിന് രാമായണം ഒന്നാം ഭാഗത്തിൽ വെറും 15 മിനിറ്റ് മാത്രമേ സ്ക്രീൻടൈം ഉണ്ടാകൂ. സിനിമയുടെ അവസാന രം​ഗങ്ങളിലാവും യഷിനെ അവതരിപ്പിക്കുക. ആദ്യ ഭാഗത്തിൽ കൂടുതലും രാമന്റെ കഥ പറയാൻ ആണ് അണിയറപ്രവർത്തകർ തയ്യാറെടുക്കുന്നത്. രണ്ടാം ഭാ​ഗത്തിലാണ് രാമന്റെയും രാവണന്റെയും കഥ പറഞ്ഞ് അണിയറക്കാർ ഒരുക്കുക.

Read more