തമിഴില്‍ സിനിമ വിജയിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കാന്‍ ലോബി; ഭരിക്കുന്നത് കുറച്ചാളുകള്‍; മലയാളം മാതൃക; തുറന്നടിച്ച് ലക്ഷ്മി രാമകൃഷ്ണന്‍

തമിഴ് സിനിമാ ലോകം നിയന്ത്രിക്കുന്നത്  കുറച്ച് വ്യക്തികളാണെന്ന  ആരോപണവുമായി നടിയും സംവിധായികയും നിർമ്മാതാവുമായ ലക്ഷ്മി രാമകൃഷ്ണൻ. കുറച്ച് പേർ വിചാരിക്കുന്ന പോലെയാണ് കാര്യങ്ങൾ എപ്പോഴും നടന്നുകൊണ്ടിരിക്കുന്നത് എന്ന് തന്റെ പുതിയ ചിത്രമായ ‘ആർ യു ഓക്കെ ബേബി’യുടെ പ്രൊമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തിൽ കുറ്റപ്പെടുത്തി.

“ഒരു സിനിമ വിജയിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പോലും ഇത്തരത്തിലുള്ള ലോബിയാണ്. ചില സിനിമകൾ മാത്രമേ അവർ പ്രോത്സാഹിപ്പിക്കുകയൊളളൂ,തമിഴ് സിനിമയോട് ചെയ്യുന്ന പക്ഷാപാതപരമായ നിലപാടാണിത്. സിനിമ എല്ലാ പ്രേക്ഷകരിലേക്കും എത്തേണ്ടതുണ്ട്,എന്നാൽ മാത്രമേ മലയാളം സിനിമകളെ പോലെ നമുക്കും നല്ല സിനിമകൾ ഉണ്ടാവുകയൊളളൂ.” എന്ന് ലക്ഷ്മി പറഞ്ഞു.

കൂടാതെ സിനിമ കച്ചവടവത്കരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ വേറിട്ട് നിൽക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും,താരങ്ങളുടെ ഡേറ്റിന് വേണ്ടി സംവിധായകർ കാത്തിരിക്കുന്ന രീതി മാറണമെന്നും എത്രയും പെട്ടെന്ന് സിനിമ ആരംഭിക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും  ലക്ഷ്മി വ്യക്തമാക്കി.

‘ചക്കരമുത്ത്’ എന്ന സിനിമയിലൂടെ നടിയായി അരങ്ങേറ്റം ചെയ്ത ലക്ഷ്മി,ജേക്കബിന്റെ സ്വർഗ്ഗരാജ്യം,പ്രണയകാലം, വയലിൻ തുടങ്ങീ  നാല്പത്തിയഞ്ചോളം സിനിമകളിൽ വേഷമിടുകയും  ‘ആരോഹണം’, ‘നെരുങ്ങി വാ മുത്തമിടാതെ’, ‘അമ്മാനി’, ‘ഹൗസ് ഓണർ’   തുടങ്ങീ തമിഴ് സിനിമകൾ സംവിധാനവും ചെയ്തിട്ടുണ്ട്. ‘സൊൽവതെല്ലാം ഉൺമയ്’ എന്ന ടിവി ഷോയിലൂടെ കുടുംബ പ്രേക്ഷകർക്കും സുപരിചിതയാണ് ലക്ഷ്മി രാമകൃഷ്ണൻ.