ഇതെന്ത് ആഘോഷം; ആര്‍ജിവിയും ചാര്‍മിയും ഒത്തുള്ള വീഡിയോയ്ക്ക് വിമര്‍ശനവുമായി ആരാധകര്‍

പ്രശസ്ത തെലുങ്ക് സംവിധായകന്‍ പുരി ജഗന്നാഥിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം ഐ സ്മാര്‍ട്ട് ശങ്കര്‍ സൂപ്പര്‍ഹിറ്റായിരിക്കുകയാണ്. രാം പൊതിനേനി, നഭാ നടേഷ്, നിധി അഗര്‍വാള്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം രണ്ട് ദിവസം കൊണ്ട് ബോക്‌സ് ഓഫീസില്‍ 25 കോടി നേട്ടത്തിലെത്തിയിരിക്കുകയാണ്. ഇപ്പോല്‍ ചിത്രത്തിന്റെ വിജയാഘോഷ ചിത്രങ്ങളും വീഡിയോകളുമായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പുരി ജഗന്നാഥിന്റെ സുഹൃത്തും ഗുരുവുമായ സംവിധായകന്‍ രാംഗോപാല്‍ വര്‍മയും ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ നടി ചാര്‍മിയും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. സ്വന്തം തലയിലും ചാര്‍മിയുടെയും സഹപ്രവര്‍ത്തകരുടെയും ദേഹത്തും ഷാംപെയിന്‍ ഒഴിക്കുന്ന ആര്‍ജിവിയെ വീഡിയോയില്‍ കാണാം. ആഘോഷത്തിനിടയില്‍ ആര്‍ജിവി ചാര്‍മിയെ ആലിംഗനം ചെയ്ത് ചുംബിക്കുന്നുമുണ്ട്.

വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടതോടെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തി. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ആണിതെന്നും ഇങ്ങനെയാണോ ആഘോഷം നടത്തേണ്ടതെന്നും വിഡിയോ പങ്കു വച്ചത് മോശമായിപോയെന്നുമാണ് ആരാധകര്‍ പറയുന്നത്.