രാം ചരണിനെ നായകനാക്കിയിട്ട് എന്തായി..? ശങ്കറിനെതിരെ ഹേറ്റ് കാമ്പയിൻ; 2018ന് ശേഷം റിലീസ് ഇല്ല, 'ഇന്ത്യന്‍ 2'വും എത്തിയിട്ടില്ല, ചര്‍ച്ചയാക്കി നടന്റെ ആരാധകര്‍

തൊട്ടതെല്ലാം ഹിറ്റായ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംവിധായകനാണ് ശങ്കര്‍. തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംവിധായകനായ ശങ്കറിന്റെതായി 2018ല്‍ പുറത്തിറങ്ങിയ 2.0 എന്ന ചിത്രത്തിന് ശേഷം മറ്റൊരു സിനിമയും തിയേറ്ററില്‍ എത്തിയിട്ടില്ല. 2018 മുതല്‍ ‘ഇന്ത്യന്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ഇന്ത്യന്‍ 2’വിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ശങ്കര്‍. എന്നാല്‍ വര്‍ഷം 6 കഴിഞ്ഞിട്ടും ഇന്ത്യന്‍ 2 സ്‌ക്രീനിലേക്ക് എത്തിയിട്ടില്ല.

ഇന്ത്യന്‍ 2വിന്റെ ഷൂട്ടിംഗ് ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടെ ശങ്കറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷം ഉയരുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച ഒരു സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് നടന്നു കൊണ്ടിരിക്കുന്നത്. 2021 ഫെബ്രുവരിയില്‍ രാം ചരണിനെ നായകനാക്കി ശങ്കര്‍ ‘ഗെയിം ചേഞ്ചര്‍’ എന്നൊരു സിനിമ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ സിനിമയെ കുറിച്ച് 3 വര്‍ഷം കഴിഞ്ഞിട്ടും യാതൊരു അപ്‌ഡേറ്റും പുറത്തുവിട്ടിട്ടില്ല. ഷൂട്ടിംഗ് വിവരങ്ങള്‍ പോലും പുറത്തുവിടാത്ത ചിത്രം ഉപേക്ഷിച്ചോ എന്ന ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. സിനിമയെ കുറിച്ച് ഒരു അപ്‌ഡേഷനും ലഭിക്കാത്തത് രാം ചരണ്‍ ആരാധകരെ പ്രകോപിപ്പിച്ചിരിക്കുകയാണ്.

തങ്ങളുടെ പ്രതിഷേധം സോഷ്യല്‍ മീഡിയയിലൂടെ രേഖപ്പെടുത്തി നിരവധിപേരാണ് രംഗത്തെത്തുന്നത്. ഉത്തരവാദിത്തമില്ലാത്ത സംവിധായകന്‍, ശ്രദ്ധയില്ലാത്ത സംവിധായകന്‍ എന്നൊക്കെയാണ് ശങ്കറിനെ പോസ്റ്റുകളില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ വിമര്‍ശനങ്ങളോടൊ ചോദ്യങ്ങളോടൊ ശങ്കറോ, രാം ചരണോ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ പ്രതികരിച്ചിട്ടില്ല. ഗെയിം ചേഞ്ചര്‍ വൈകുന്നതില്‍ നേരത്തെയും ശങ്കറിനെതിരെ വിമര്‍ശനങ്ങള്‍ എത്തിയിരുന്നു. നിര്‍മ്മാതാവ് ദില്‍ രാജു ഇതിനോട് പ്രതികരിക്കുകയും ചെയ്തിരുന്നു. ശങ്കര്‍, രാജൗലി, സന്ദീപ് റെഡ്ഡി വാംഗ തുടങ്ങിയ സംവിധായകര്‍ പെര്‍ഫെക്ഷണിസ്റ്റുകള്‍ ആണെന്നും ചിത്രീകരണത്തിന് അവര്‍ക്ക് കൂടുതല്‍ സമയം വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, ഗെയിം ചേഞ്ചറിലെ ഗാനം സോഷ്യല്‍ മീഡിയയില്‍ ലീക്ക് ആയിരുന്നു. പൊളിറ്റിക്കല്‍ ത്രില്ലറായാണ് ഈ സിനിമ ഒരുങ്ങുന്നത്. ചിത്രീകരണ ജോലികള്‍ പുരോഗമിക്കവെ ആയിരുന്നു സിനിമയിലെ നിര്‍ണായകമായ ഗാനം ചോര്‍ന്നത്. 15 കോടി മുതല്‍മുടക്കില്‍ ചിത്രീകരിച്ച ഗാനമാണിത് എന്നായിരുന്നു വിവരം. എന്നാല്‍ ഗാനം തേടി എത്തിയവര്‍ക്ക് കാണാന്‍ പറ്റുന്നതിന് മുമ്പേ അത് സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും മാറ്റിയിരുന്നു. ഗാനത്തിന്റെ ഡമ്മി പതിപ്പാണ് ചോര്‍ന്നത് എന്ന് സിനിമയുടെ പിആര്‍ സംഘം അറിയിച്ചിരുന്നു. ഫൈനല്‍ ഗാനത്തിന് മുമ്പുള്ള ട്രാക്ക് പതിപ്പാണിത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കാര്‍ത്തിക് സുബ്ബരാജാണ് ഗെയിം ചേഞ്ചറിന്റെ കഥ ഒരുക്കിയിരിക്കുന്നത്. അച്ഛന്‍, മകന്‍ എന്നിങ്ങനെ ഡബിള്‍ റോളിലാകും ചിത്രത്തില്‍ രാം ചരണ്‍ എത്തുക എന്ന് റിപ്പോര്‍ട്ടുകളുണ്ട്. രാം ചരണിന്റെ നായികയായി ബോളിവുഡ് താരം കിയാര അദ്വാനിയാണ് വേഷമിടുന്നത്. ‘വിനയ വിധേയ രാമ’ എന്ന തെലുങ്ക് ചിത്രത്തിന് ശേഷം കിയാരയും രാം ചരണും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഗെയിം ചേഞ്ചര്‍. എസ്.ജെ സൂര്യ അഞ്ജലി, ജയറാം, നവീന്‍ ചന്ദ്ര, സുനില്‍, ശ്രീകാന്ത്, സമുദ്രക്കനി, നാസര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 450 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. ദില്‍ രാജുവും സിരീഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം 2024ല്‍ പുറത്തിറങ്ങും എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.