മാനസികവും ശാരീരികവുമായി ചൂഷണം ചെയ്തു; രാഖി സാവന്തിന്റെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

നടി രാഖി സാവന്തിന്റെ പരാതിയില്‍ ഭര്‍ത്താവ് ആദില്‍ ഖാനെ മുംബൈ ഓഷിവാര പൊലീസ് അറസ്റ്റ് ചെയ്തു. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് രാഖി ആദിലിനെതിരേ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. സോഷ്യല്‍മീഡിയയിലുള്‍പ്പെടെ രാഖിയുടെ വീഡിയോ വൈറലാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസമാണ് താന്‍ വിവാഹിതയായെന്ന വിവരം നടി വെളിപ്പെടുത്തുന്നത്. മൈസൂര്‍ സ്വദേശിയായ ആദിലുമയി 2022 ല്‍ വിവാഹിതരായെങ്കിലും വിവരം ഓദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല. വിവാഹത്തിന്റെ ചിത്രങ്ങള്‍ രാഖി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചെങ്കിലും ചിത്രങ്ങള്‍ വ്യാജമാണെന്ന് ആദില്‍ അവകാശപ്പെട്ടിരുന്നു.

ഏതാനും നാളുകള്‍ക്ക് മുമ്പാണ് രാഖിയുടെ അമ്മ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിക്കുന്നത്. അമ്മയുടെ സര്‍ജറിയ്ക്ക് ആദില്‍ പണം നല്‍കിയില്ല എന്നും അതിനാലാണ് അവര്‍ മരണത്തിന് കീഴടങ്ങിയെന്നും രാഖി ആരോപിച്ചു. ഒപ്പം ആദിലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും രാഖി പറഞ്ഞിരുന്നു.

Read more

ആദില്‍ തന്നെ മാനസികമായും ശാരീരികമായും വൈകാരികമായും ചൂഷണം ചെയ്തു, വിവാഹത്തിന് ശേഷമാണ് മൈസൂരില്‍ ആദിലിനെതിരേ ഒട്ടേറെ ക്രിമിനല്‍ കേസുകളുണ്ടെന്ന് അറിയുന്നത്, ബിഗ് ബോസ് മറാത്തി ഷോയില്‍ പങ്കെടുക്കുന്നതിന് മുന്‍പ് ആദിലിന് അമ്മയുടെ ചികിത്സയുടെ ആവശ്യങ്ങള്‍ക്കായി 10 ലക്ഷം രൂപയുടെ ചെക്ക് നല്‍കി, എന്നാല്‍ അത് ചികിത്സയ്ക്ക് ഉപയോഗിച്ചില്ല. ഇതാണ് അമ്മയുടെ രോഗം വഷളാകാനുള്ള കാരണമെന്നും രാഖി പറഞ്ഞിരുന്നു.