തിയേറ്റര്‍ കത്തിച്ച വിവാദ സിനിമ.. ഡബ്ബിംഗും ബാക്ഗ്രൗണ്ട് സ്‌കോറും പുതുക്കി വീണ്ടും വരുമ്പോള്‍!

2002 ഓഗസ്റ്റ് 15ന് റിലീസ് ചെയ്ത ഒരു സിനിമ കണ്ട് തമിഴര്‍ ക്ഷുഭിതരായിരുന്നു. തിയേറ്ററുകള്‍ ആക്രമിക്കപ്പെടുകയും ഫിലിം റോളുകള്‍ കത്തിച്ചു കളകയും ചെയ്തിരുന്നു. സിനിമ ഏതെങ്കിലും രാഷ്ട്രീയ ക്യാമ്പെയ്‌ന്റെ ഭാഗമാണോ എന്ന് വരെ അന്ന് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. രജനികാന്തിന്റെ കരിയറിലെ ഏറ്റവും ഫ്‌ളോപ്പ് ആയി മാറിയ സിനിമ. തുടര്‍ച്ചയായി വിവാദങ്ങളില്‍ അകപ്പെട്ട സിനിമയെ തുടര്‍ന്ന് രജനികാന്ത് കുറച്ച് കാലത്തേക്ക് അഭിനയത്തില്‍ നിന്നും വിട്ടു നിന്നിരുന്നു.

‘ബാബ’ എന്ന സിനിമയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. മലയാളത്തില്‍ ‘സ്ഫടികം’ റീമാസ്റ്ററിംഗ് കഴിഞ്ഞ് റിലീസിന് ഒരുങ്ങിയത് പോലെ തന്നെ തമിഴ്‌നാട്ടില്‍ രജനികാന്തിന്റെ ‘ബാബ’യും റീമാസ്റ്ററിംഗ് കഴിഞ്ഞ് വീണ്ടും റിലീസിന് ഒരുങ്ങുകയാണ്. ഡിസംബര്‍ 12ന് രജനിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് സിനിമ റിലീസിന് ഒരുങ്ങുന്നത്.

ഏറെ വിമര്‍ശനങ്ങള്‍ കേട്ട സിനിമയാണ് ബാബ. സിനിമയുടെ മ്യൂസിക്, ദൈര്‍ഘ്യം, ഡയലോഗുകള്‍ എന്നിവയുടെയെല്ലാം പേരില്‍ വിമര്‍ശനങ്ങള്‍ വന്നിരുന്നു. ബാബയുടെ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത്, രജനികാന്ത് സിനിമയുടെ വിതരണക്കാര്‍ക്ക് ഉണ്ടായ നഷ്ടം നികത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ വീണ്ടുമൊരു പരീക്ഷണത്തിന് ഒരുങ്ങാതെ സിനിമ ഒന്നാകെ നവീകരിച്ച് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാനുള്ള ശ്രമമാണ് രജനികാന്തും അണിയറപ്രവര്‍ത്തകരും ഇപ്പോള്‍ നടത്തുന്നത്.

സിനിമയ്ക്കായി വീണ്ടും ഡബ്ബ് ചെയ്യുന്ന രജനികാന്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. സിനിമയുടെ സംവിധായകന്‍ സുരേഷ് കൃഷ്ണ തന്നെയാണ് സിനിമയുടെ ദൃശ്യങ്ങളുടെ പുനര്‍നിര്‍മ്മാണവും നേരിട്ട് നടത്തുന്നത്. സിനിമയുടെ പുതിയ പതിപ്പിന് വീണ്ടും സംഗീതം നല്‍കാന്‍ എ.എര്‍ റഹ്‌മാനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സിനിമയുടെ സ്‌കോര്‍ മെച്ചപ്പെടുത്താന്‍ റഹ്‌മാന്‍ സന്നദ്ധത അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Rajinikanth completes dubbing for 'Baba' re-release | Tamil Movie News - Times of India

സിനിമയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മണിക്കൂറിനുള്ളില്‍ ഒരു മില്യണിലധികം ആള്‍ക്കാരാണ് ട്രെയ്‌ലര്‍ കണ്ടിരിക്കുന്നത്. ട്രെയ്‌ലര്‍ യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ തുടരുകയാണ് ഇപ്പോള്‍.

‘പടയപ്പ’ എന്ന സിനിമയുടെ വന്‍ വിജയത്തിന് ശേഷം രജനികാന്തിന്റെതായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു ‘ബാബ’. ലോട്ടസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ രജനികാന്ത് തന്നെയായിരുന്നു സിനിമയുടെ നിര്‍മ്മാണം. പടയപ്പയുടെ വിജയത്തിനു ശേഷം എത്തുന്ന സിനിമ ആയതിനാല്‍ വന്‍ പണം മുടക്കിയാണ് വിതരണക്കാര്‍ സിനിമ എടുത്തിരുന്നത്. എന്നാല്‍ പ്രീ റിലീസ് പബ്ലിസിറ്റി അനുസരിച്ച് ബോക്‌സോഫീസില്‍ മുന്നേറാന്‍ സിനിമയ്ക്ക് സാധിച്ചില്ല.

രജനികാന്ത് കഥയും തിരക്കഥയും എഴുതിയിരിക്കുന്ന ചിത്രത്തിന് സംഭാഷണങ്ങള്‍ ഒരുക്കിയത് ഗോപു- ബാബു, എസ് രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഛോട്ട കെ നായിഡു ആയിരുന്നു ഛായാഗ്രാഹകന്‍.

രജനികാന്തിന്റെ പിറന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച് തമിഴ്നാട്ടിലെ ഒരു തിയേറ്ററില്‍ ടോക്കണ്‍ റിലീസായി മാത്രം സിനിമ എത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, റീ-റിലീസിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ സൃഷ്ടിച്ച പ്രതീക്ഷ വര്‍ധിച്ചതോടെ രാജ്യത്തുടനീളവും അന്താരാഷ്ട്ര വിപണികളിലും റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.