'അന്യ നാട്ടുകാരിയായ അമലയ്ക്ക് തമിഴ് സംസ്‌കാരം എന്തെന്ന് അറിയില്ല, ലക്ഷ്യം പണം മാത്രം'; 'ആടൈ'യ്ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യം

അമലാ പോളിനെ കേന്ദ്രകഥാപാത്രമായി നാളെ റിലീസിനെത്തുന്ന “ആടൈ”യ്ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യം. അന്യസംസ്ഥാനക്കാരിയായ അമലയ്ക്ക് തമിഴ് സംസ്‌കാരം എന്തെന്ന് അറിയില്ലെന്നും പണം മാത്രമാണ് അവരുടെ ലക്ഷ്യമെന്നും പരാതിക്കാരിയായ രാഷ്ട്രീയനേതാവും സാമൂഹിക പ്രവര്‍ത്തകയുമായ പ്രിയ രാജേശ്വരി പറയുന്നു. ഇതുസംബന്ധിച്ച് അമല പോളിനെതിരെയും ചിത്രത്തിനെതിരെയും പ്രിയ ഡി.ജി.പിക്ക് പരാതി നല്‍കി.

“നഗ്നത എന്ന വാക്ക് ഉപയോഗിച്ചാണ് ഇവര്‍ ഈ സിനിമ ഇതുവരെ പ്രമോട്ട് ചെയ്തത്. വെറും കച്ചവട ലാഭത്തിനായി പെണ്‍കുട്ടികളെ മുഴുവന്‍ ഇവര്‍ മോശമായി ചിത്രീകരിക്കുകയാണ്. ഇതിലെ നഗ്നരംഗങ്ങള്‍ തമിഴ് യുവാക്കളെ മോശമായി സ്വാധീനിക്കും. ഇത് സ്ത്രീകള്‍ക്കെതിരായ ലൈംഗിക ആക്രമണങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കും. ഇതിനെതിരെ ആക്ഷന്‍ എടുക്കുകയാണ് ഞങ്ങളുടെ ആവശ്യം. വിതരണക്കാരെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇനി പുറത്തിറങ്ങുന്ന ടീസറുകളിലോ പോസ്റ്ററുകളിലോ നഗ്നരംഗങ്ങള്‍ ഉപയോഗിക്കരുതെന്നും അവര്‍ അത് ചെയ്യില്ലെന്നും ഞങ്ങള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.” പ്രിയ പറഞ്ഞു.

സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. വയലന്‍സ് രംഗങ്ങളുടെ അതിപ്രസരമാണ് എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാരണമായത്. രത്‌നകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാമിനി എന്ന കഥാപാത്രമായാണ് അമല ചിത്രത്തില്‍ അഭിനയിക്കുന്നത്.