പലരും പറയാന്‍ മടിച്ച കാര്യം പട്ടാഭിരാമന്‍ പറഞ്ഞു: രാജീവ് ആലുങ്കല്‍

പലരും പറയാന്‍ മടിച്ച സമകാലിക പ്രസക്തിയുള്ള വിഷയത്തെ അതിശക്തമായി “പട്ടാഭിരാമനി”ലൂടെ അവതരിപ്പിച്ചിരിയ്ക്കുകയാണ് കണ്ണന്‍ താമരക്കുളമെന്ന് ഗാനരചയിതാവ് രാജീവ് ആലുങ്കല്‍. നല്ല ഭക്ഷണം നല്ല ഔഷധമാണെന്ന സന്ദേശം ഇന്നത്തെ വിഷാംശം കലര്‍ന്ന ഭക്ഷണം കഴിക്കുന്ന ജനതയെ ഓര്‍മപ്പെടുത്തുകയാണ് ചിത്രമെന്ന് രാജീവ് പറയുന്നത്. സംവിധായകനെയും തിരക്കഥ ഒരുക്കിയ ദിനേശ് പള്ളത്തിനെയും അദ്ദേഹം പ്രശംസിക്കുന്നുണ്ട്.

കുട്ടികളെ ചിത്രം കാണിക്കണമെന്നും ആത്മാഭിമാനമുള്ള പട്ടാഭിരാമനെ അവര്‍ കണ്ടു പഠിക്കട്ടെയെന്നുമാണ് രാജീവ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. കണ്ണന്‍ താമരക്കുളം-ജയറാം കൂട്ടുകെട്ടിലൊരുങ്ങിയ നാലാമത്തെ ചിത്രമാണ് പട്ടാഭിരാമന്‍. മികച്ച പ്രതികരണങ്ങളുമായി തീയേറ്ററുകളില്‍ മുന്നേറുകയാണ് ചിത്രം. ആക്ഷനും കോമഡിയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമാണിത്.

ഒരു പ്രത്യേക സാഹചര്യത്തില്‍ പട്ടാഭിരാമന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില സവിശേഷ സംഭവങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മിയാ ജോര്‍ജും ഷീലു എബ്രഹാമുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ബൈജു സന്തോഷ് സുധീര്‍ കരമന, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, സായ്കുമാര്‍, ജനാര്‍ദ്ദനന്‍, ദേവന്‍, ബിജു പപ്പന്‍, വിജയകുമാര്‍, പ്രേംകുമാര്‍, തെസ്‌നി ഖാന്‍, ബാലാജി, മായാ വിശ്വനാഥ്, പ്രിയാ മേനോന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യുവാണ് നിര്‍മ്മാണം.