'ബീസ്റ്റ് കണ്ടു; 'തലൈവര്‍ 159'ല്‍ നിന്നും നെല്‍സനെ മാറ്റാന്‍ രജനി ശ്രമിച്ചെന്ന് വാര്‍ത്ത, വിശദീകരണം ഇങ്ങനെ

വിജയ് ചിത്രം ബീസ്റ്റിന്് തീയേറ്ററുകളില്‍ നിന്ന് പ്രതീക്ഷിച്ചത് പോലെ വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ല; അതേസമയം കെജിഎഫ് വിജയ് ചിത്രത്തെ മറികടന്ന് രാജ്യമെങ്ങും റെക്കോര്‍ഡ് കുതിപ്പും നടത്തുകയാണ്. ഇതിന് പിന്നാലെ നെല്‍സണെ വിമര്‍ശിച്ച് വിജയ്‌യുടെ പിതാവ് ചന്ദ്രശേഖറും രംഗത്തുവന്നിരുന്നു. ഇതോടെ മറ്റൊരു പ്രചാരണവും സമൂഹമാധ്യമങ്ങളില്‍ ശക്തമാണ്.

നെല്‍സന്‍ ഒരുക്കുന്ന അടുത്ത ചിത്രം സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ വച്ചാണെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു. ബീസ്റ്റ് കണ്ട രജനി സംവിധായകനെ മാറ്റണം എന്നാവശ്യപ്പെട്ടു എന്നാണ് സൈബര്‍ ഇടങ്ങളിലെ പ്രചാരണം. സണ്‍ പിക്‌ചേഴ്‌സാണ് ഈ സിനിമയും നിര്‍മിക്കുന്നത്. ഇവര്‍ തന്നെ ബീസ്റ്റിന്റെ പ്രത്യേക പ്രദര്‍ശനം രജനിക്കായി സംഘടിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ പ്രചാരണം വ്യാജമാണെന്നും നെല്‍സണ്‍ രജനി ചിത്രത്തിന്റെ തിരക്കഥയുമായി മുന്നോട്ടുപോവുകയാണെന്നും രജനിയുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.