തെലുങ്ക് 'ലൂസിഫറി'ല്‍ വില്ലനാകാന്‍ റഹമാന്‍

മലയാളത്തില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമാണ് “ലൂസിഫര്‍”. പൃഥ്വിരാജ് ഒരുക്കിയ ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ വില്ലന്‍ വേഷത്തില്‍ നടന്‍ റഹമാന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. വിവേക് ഓബ്‌റോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രത്തെയാണ് റഹമാന്‍ അവതരിപ്പിക്കുക എന്നാണ് സൂചനകള്‍.

മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനാകുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രമായി നടി സുഹാസിനി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ടൊവിനോ അവതരിപ്പിച്ച ജതിന്‍ രാം ആയി വിജയ് ദേവര്‍കൊണ്ട വേഷമിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലൂസിഫറില്‍ അതിഥി താരമായാണ് പൃഥ്വിരാജ് വേഷമിട്ടത്. ഈ റോളില്‍ റാണാ ദഗുബതി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബോളിവുഡ് സംഗീത സംവിധായകരായ അജയ്-അതുല്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുക എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ തെലുങ്ക് റീമേക്കില്‍ ഏതൊക്കെ താരങ്ങള്‍ വേഷമിടുമെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമുണ്ടായിട്ടില്ല. ഉടന്‍ ഇക്കാര്യങ്ങള്‍ പ്രഖ്യാപിക്കാനാണ് സാദ്ധ്യത.