സിനിമാപ്രേമികളെ പ്രകമ്പനം കൊള്ളിക്കാന്‍ രാഘവ ലോറന്‍സ് വീണ്ടും; കാഞ്ചന 3 ഏപ്രില്‍ 19 ന് എത്തും

കോമഡി ഹൊറര്‍ സീരീസായ കാഞ്ചനയിലെ പുതിയ ചിത്രം കാഞ്ചന 3 പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. കാഞ്ചനയുടെ ആദ്യ രണ്ട് ഭാഗങ്ങള്‍ വിജയമായതിന് പിന്നാലെയാണ് പുതിയ സിനിമയുമായി അണിയറ പ്രവര്‍ത്തകര്‍ എത്തുന്നത്. ഹൊറര്‍ കോമഡി പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ രാഘവ ലോറന്‍സ് ആണ് നായകന്‍. ചിത്രത്തില്‍ ഓവിയയും വേദികയുമാണ് നായികമാരാകുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

ആകാംക്ഷയുണര്‍ത്തുന്ന കിടിലന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അഭിനയത്തിനു പുറമെ ലോറന്‍സ് തന്നെയാണ് ഇത്തവണയും സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വെട്രി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് റൂബെന്‍ ആണ് എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നത്.

കോവൈ സരള, സൂരി, മനോബാല, യോഗി ബാബു, ദേവദര്‍ശിനി, ശ്രീമാന്‍, സത്യരാജ്, നെടുമുടി വേണു തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. എപ്രില്‍ 19 ന് ചിത്രം തിയേറ്ററുകളിലെത്തും.