'പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഹൃദയത്തെ സ്പര്‍ശിച്ചു'; കൂടിക്കാഴ്ച പങ്കുവച്ച് ആര്‍. മാധവന്‍

താനും നമ്പി നാരായണനും പ്രധാനമന്ത്രി നേരന്ദ്ര മോദിയെ സന്ദര്‍ശിച്ച വിശേഷം പങ്കുവച്ച് നടന്‍ ആര്‍. മാധവന്‍. ട്വിറ്ററില്‍ പങ്കുവച്ച ചിത്രങ്ങളോടൊപ്പം നമ്പി നാരയണന്റെ ബയോപിക് ആയി താന്‍ ഒരുക്കുന്ന “റോക്കട്രി ദ നമ്പി എഫക്ട്” എന്ന സിനിമയെ മോദി പ്രശംസിച്ച സന്തോഷവും മാധവന്‍ കുറിച്ചിട്ടുണ്ട്.

“”കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ആയിരിക്കാന്‍ തനിക്കും നമ്പി നാരയണനും ക്ഷണം ലഭിക്കുകയുണ്ടായി. റോക്കറ്ററി ദി നമ്പി എഫക്ട് എന്ന സിനിമയെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. സിനിമയുടെ ഏതാനും ഭാഗങ്ങള്‍ അദ്ദേഹത്തെ കാണിക്കുകയുണ്ടായി. അപ്പോള്‍ അദ്ദേഹത്തില്‍ നിന്നും ലഭിച്ച പ്രതികരണവും നമ്പി നാരായണനോട് ചെയ്ത കാര്യങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളും ഏറെ സ്പര്‍ശിക്കുന്നതായിരുന്നു. ഒരുപാട് നന്ദിമാധവന്‍ ട്വിറ്ററില്‍ ചിത്രങ്ങളോടൊപ്പം കുറിച്ചിരിക്കുകയാണ്”” എന്നാണ് മാധവന്റെ ട്വീറ്റ്.

മാധവന്റെ ആദ്യ സംവിധാന സംരംഭമാണ് റോക്കട്രി. മാധവന്റെ ട്രൈ കളര്‍ ഫിലിംസും ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചേഴ്സിന്റെയും ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ സിമ്രാനും രവി രാഘവേന്ദ്രയും പ്രധാന വേഷത്തിലെത്തുന്നു. സൂര്യ, ഷാരൂഖ് ഖാന്‍ എന്നിവര്‍ അതിഥി താരമായി വേഷമിടുന്നു.

വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്കോവറുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം.