സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് മറുപടി കൊടുക്കാറുള്ളത് എന്ന ആരോപണത്തോട് പ്രതികരിച്ച് നടന് മാധവന്. നടന് മറുപടി നല്‍കിയതിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ച് ഒരു ആരാധിക രംഗത്തെത്തിയിരുന്നു. ഇതോടെയാണ് മാധവന് ആരാധികമാര്‍ക്ക് മാത്രമേ മറുപടി നല്കാറുള്ളു എന്ന ആരോപണം ഉയര്‍ന്നത്. ഇതോടെ മാധവന് പ്രതികരിക്കുകയായിരുന്നു.
”ഞാന്‍ ഒരു നടനാണ്. ഒരുപാട് ആളുകള്‍ ഇന്‍സ്റ്റഗ്രാമിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുമൊക്കെയായി എനിക്ക് മെസേജ് അയക്കാറുണ്ട്. ഒരിക്കല്‍ ഒരു പെണ്‍കുട്ടി എനിക്ക് ഇതേ പോലെ മെസേജ് അയച്ചു. സിനിമ ഞാന്‍ കണ്ടെന്നും ഏറെ ഇഷ്ടമായെന്നും താങ്കള്‍ ഗംഭീര നടനാണെന്നും താങ്കള്‍ എന്നെ പ്രചോദിപ്പിച്ചെന്നുമൊക്കെ പറഞ്ഞുകൊണ്ട്.”
”ഹൃദയത്തിന്റെയും ചുംബനങ്ങളുടെയുമൊക്കെ ഇമോജികളും ഒപ്പം ഉണ്ടായിരുന്നു. ഇത്രയും സൂക്ഷ്മമായി എന്റെ വര്‍ക്കിനെ കുറിച്ച് പറയുന്ന ഒരു ഫാനിനോട് എനിക്ക് പ്രതികരിച്ചേ പറ്റൂ. നന്ദിയുണ്ടെന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നുമാണ് ഞാന്‍ മറുപടി നല്‍കിയത്. ഇതിന്റെ സ്ക്രീന്‍ഷോട്ട് ആ പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമിലൂടെ തന്നെ പങ്കുവച്ചിരുന്നു.”
”അതില്‍ ആളുകള്‍ കാണുന്നത് കുറച്ച് ലവ് ഇമോജികള്‍ക്ക് മാധവന് റിപ്ലൈ കൊടുക്കുന്നതാണ്. ഒരു മെസേജിനാണ്, അല്ലാതെ ഇമോജികള്‍ക്കല്ല ഞാന്‍ മറുപടി കൊടുത്തത്. തെറ്റിദ്ധരിക്കപ്പെടാതിരിക്കാനായി സോഷ്യല്‍ മീഡിയയില്‍ ഇടപെടുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ട സാഹചര്യമാണ് ഉള്ളത്” എന്നാണ് മാധവന് പറയുന്നത്.







