ശിവനും കാളിയും പഞ്ചുരുളിയുമല്ല അര്‍ദ്ധനാരി ലുക്കിന് പിന്നില്‍.. അല്ലു അര്‍ജുന്റെ ലുക്കിന് പിന്നിലെ കഥ

തെലുങ്ക് സിനിമകളിലെ നായകനാണെങ്കിലും മലയാളികള്‍ക്ക് പ്രിയപ്പെട്ട സ്റ്റൈലിഷ് സ്റ്റാര്‍ ആണ് അല്ലു അര്‍ജുന്‍. അല്ലു അര്‍ജുന്‍ മല്ലു അര്‍ജുന്‍ ആയി മാറിയിട്ട് വര്‍ഷങ്ങളായി. ഏപ്രില്‍ 8ന് ആണ് അല്ലു അര്‍ജുന്‍ തന്റെ 41-ാം പിറന്നാള്‍ ആഘോഷിച്ചത്. താരത്തിന്റെ ജന്മദിനത്തോട് പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ‘പുഷ്പ 2’വിന്റെ ഒരു ഗ്ലിപ്‌സ് വീഡിയോയും ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്ത് വന്നിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

അര്‍ദ്ധനാരി ലുക്കിന് സമാനമായാണ് അല്ലു അര്‍ജുന്‍ ഫസ്റ്റ് ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്. പട്ടുസാരി ഉടുത്ത്, സ്വര്‍ണ മാലയും വളയും മോതിരവും മുക്കുത്തിയും കമ്മലും കഴുത്തില്‍ നാരങ്ങ മാലയും പൂമാലയും വലംകൈയ്യില്‍ ഒരു തോക്കുമായി തോളും ചെരിച്ച് നില്‍ക്കുന്ന പുഷ്പരാജിന്റെ പോസ്റ്റര്‍ ട്രെന്‍ഡ് ആയി മാറിയിരുന്നു. പോസ്റ്റര്‍ ഇറങ്ങിയത് മുതല്‍ ഈ വേഷത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. എന്തിനെ പ്രതിനിധീകരിക്കുന്നതാണ് ഈ വേഷമെന്നും എന്തിന് വേണ്ടിയാണ് ഈ രൂപം എന്നുമായിരുന്നു പ്രേക്ഷകരുടെ സംശയം.

Allu Arjun's Look In Pushpa 2 Poster Is Creating Waves, Know The Mystery Behind His Saree Look

ഇത് കാളി ദേവിയുടെ ഉഗ്ര രൂപമാണ് എന്ന് ഒരുപക്ഷം അഭിപ്രായപ്പെടുമ്പോള്‍, ‘കാന്താര’യിലെ പഞ്ചുരുളിക്ക് ആദരമര്‍പ്പിച്ച് സംവിധായകന്‍ സുകുമാര്‍ ഒരുക്കിയ രൂപമാണ് ഇത് എന്നും ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ അര്‍ദ്ധനാരി വേഷത്തിന് പിന്നിലെ കഥ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. എല്ലാ വര്‍ഷവും മെയ് മാസത്തില്‍ തിരുപ്പതിയില്‍ നടന്നുവരുന്ന ജാതരാ സമയത്ത് ആരാധിക്കുന്ന ദേവതയായ ഗംഗമ്മ തള്ളിയെ സൂചിപ്പിക്കുന്ന ”ദാക്കോ ദാക്കോ മെക്കാ..” എന്ന ഗാനത്തിലെ ഒരു വരിയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ രൂപം. സംവിധായകന്‍ സുകുമാറിന്റെ ആശയമാണിത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

തെലുങ്ക് സിനിമാ ലോകത്ത് ഏറ്റവുമധികം ആവേശമുണര്‍ത്തുന്ന രണ്ടാം ഭാഗങ്ങളില്‍ ഒന്നാണ് ‘പുഷ്പ: ദ റൈസ്’. ഏപ്രില്‍ 7ന് പുറത്തിറങ്ങിയ സിനിമയുടെ ഗ്ലിംപ്‌സ് വീഡിയോ ലോകമെമ്പാടും കോടിക്കണക്കിന് കാഴ്ചക്കാരെ നേടി കുതിക്കുകയാണ്. ഇന്ത്യ, കുവൈറ്റ്, ബെഹറിന്‍, ഖത്തര്‍, യുഎഇ, ഓസ്‌ട്രേലിയ എന്നിങ്ങനെ 16 രാജ്യങ്ങളില്‍ വീഡിയോ ട്രെന്‍ഡിംഗില്‍ മുന്നിലാണ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായാകാം ഇത്രയും വലിയ ജനപ്രീതി ഒരു ഗ്ലിംപ്‌സ് വീഡിയോയ്ക്ക് ലഭിക്കുന്നത്. വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത് 57 മില്യണിലധികം പ്രേക്ഷകരാണ്. തിരുപ്പതി ജയിലില്‍ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപ്പെട്ട പുഷ്പയെ കാണാനില്ല എന്ന വാര്‍ത്തയും നാട്ടില്‍ നടക്കുന്ന കലാപങ്ങളുമൊക്കെയാണ് സിനിമയുടെ ഗ്ലിംപ്‌സ് വീഡിയോയില്‍ കാണിക്കുന്നത്.

150 കോടി ബജറ്റില്‍ ആയിരുന്നു പുഷ്പ: ദ റൈസ് എന്ന ഒന്നാം ഭാഗം സുകുമാര്‍ ഒരുക്കിയത്, എന്നാല്‍ 350 കോടി ബജറ്റിലാണ് രണ്ടാം ഭാഗമായ പുഷ്പ ദ റൂള്‍ ഒരുക്കുന്നത്. അതുകൊണ്ട് തന്നെ ക്വാളിറ്റിയില്‍ അടക്കം മികവ് പ്രതീക്ഷിക്കാം. 2021ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം 373 കോടി വരെയാണ് ആഗോള തലത്തില്‍ കളക്ഷന്‍ നേടിയത്. രണ്ടാം ഭാഗം എത്തുമ്പോള്‍ ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തര്‍ത്തെറിയും എന്നാണ് പ്രതീക്ഷകള്‍.