സിനിമകളുടെ ലാഭനഷ്ട കണക്ക് തൽക്കാലം പുറത്തു വിടില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന. എല്ലാ മാസവും കണക്ക് പുറത്തു വിടുമെന്ന തീരുമാനം നിർമ്മാതാക്കളുടെ സംഘടന പിൻവലിച്ചു. കണക്കുകൾ പുറത്തുവിടുന്നത് പുതിയ ഭരണസമിതി വന്നശേഷം മതിയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിച്ചു.
മാർച്ചിന് ശേഷമാണ് നഷ്ട കണക്ക് പുറത്ത് വിടാതെയായത്. ഇനി പുറത്ത് വരാനുള്ളത് ഏപ്രിൽ, മെയ്, ജൂൺ മാസത്തെ കണക്കുകളായിരുന്നു. മാർച്ചിൽ റിലീസ് ചെയ്ത 15 സിനിമകളുടെ നിര്‍മാണചെലവും ഇവയ്ക്ക് തിയേറ്ററില്‍നിന്ന് ലഭിച്ച കളക്ഷന്‍ തുകയുടെ വിവരങ്ങളുമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അവസാനമായി പുറത്ത് വിട്ടത്. മാർച്ചിൽ ആകെ 15 സിനിമകളാണ് റിലീസായത്.
ഇതിൽ സിനിമകളുടെ ബജറ്റ് തുകയും തിയേറ്റര്‍ വിഹിതവും അടങ്ങുന്ന പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പുറത്തിറങ്ങിയ സിനിമകളിൽ ഭൂരിഭാഗവും നഷ്ടമായിരുന്നു എന്ന് കണക്കുകളിൽ നിന്ന് വ്യക്തമാണ്. അതേസമയം അമ്മയ്ക്ക് പിന്നാലെ നിർമാതാക്കളുടെ സംഘടനയിലും തിരഞ്ഞെടുപ്പ് ഉണ്ടാകും. തിരഞ്ഞെടുപ്പ് തീയതി ഇന്ന് ചേരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തീരുമാനിച്ചേക്കും.







