ദേസി ഗേള്‍ തിരികെയെത്തുന്നു, ശത്രുക്കളെ തുരത്താന്‍ 'മന്ദാകിനി'; രാജമൗലി ചിത്രത്തില്‍ പ്രിയങ്ക

എസ്എസ് രാജമൗലിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിലെ പ്രിയങ്ക ചോപ്രയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ മന്ദാകിനി എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തിന് ‘എസ്എസ്എംബി 29’ എന്നാണ് താത്കാലികമായി പേരിട്ടിരിക്കുന്നത്. മഞ്ഞസാരിയില്‍ കൈയില്‍ തോക്കുമേന്തിയാണ് പോസ്റ്ററില്‍ മന്ദാകിനി എന്ന കഥാപാത്രമായി പ്രിയങ്ക എത്തുന്നത്.

ഏറെക്കാലത്തിന് ശേഷം പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന ഇന്ത്യന്‍ സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2019ല്‍ ‘സ്‌കൈ ഈസ് പിങ്ക്’ എന്ന ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം പ്രിയങ്ക ഇംഗ്ലീഷ് സിനിമകളില്‍ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ സിനിമയിലേക്ക് പ്രിയങ്കയെ തിരികെ സ്വാഗതം ചെയ്തു കൊണ്ടാണ് രാജമൗലി ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

‘ആഗോളതലത്തില്‍ ഇന്ത്യന്‍ സിനിമയെ പുനര്‍നിര്‍വചിച്ച വനിത. തിരികെ സ്വാഗതം, ദേസി ഗേള്‍. മന്ദാകിനിയായുള്ള നിങ്ങളുടെ വേഷപ്പകര്‍ച്ച കാണാന്‍ അക്ഷമനായി കാത്തിരിക്കുന്നു’ എന്നാണ് രാജമൗലി കുറിച്ചത്. കാണുന്നതിനുമപ്പുറമാണ് മന്ദാകിനിയെന്നാണ് പ്രിയങ്ക കുറിച്ചത്.

Read more

ചിത്രത്തില്‍ പൃഥ്വിരാജ് ആണ് വില്ലന്‍. കുംഭ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എംഎം കീരവാണിയാണ് സംഗീതം. ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവന്നിട്ടുണ്ട്. വി. വിജയേന്ദ്രപ്രസാദ് ആണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്.