'പ്രതിഭ ഒരിക്കലും മാഞ്ഞുപോവില്ല'; 'നേരി'നെ പ്രശംസിച്ച് പ്രിയദർശൻ

ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘നേര്’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ മികച്ച പ്രകടനം കാണാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ആരാധകർ. നിരവധി പേരാണ് ചിത്രത്തിൽ പ്രശംസകളുമായി രംഗത്തെത്തിയത്.

ഇപ്പോഴിതാ സംവിധായകൻ പ്രിയദർശൻ മോഹൻലാലിനേയും ജീത്തു ജോസഫിനെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നയാണ്. ‘പ്രതിഭ ഒരിക്കലും മാഞ്ഞുപോവില്ല, അതിനെ ജീത്തു ജോസഫ് നല്ലപോലെ ഉപയോഗിച്ചു. നേര് സിനിമയുടെ വിജയത്തിൽ അഭിനന്ദനങ്ങൾ’ എന്നാണ് മോഹൻലാലിന്റെയും ജീത്തു ജോസഫിന്റെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രിയദർശൻ ഫേയ്സ്ബുക്കിൽ കുറിച്ചത്.

വർഷങ്ങളായി പ്രാക്ടീസ് ചെയ്യാതിരിക്കുന്ന അഡ്വക്കേറ്റ് വിജയമോഹൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ സിനിമയിൽ അവതരിപ്പിക്കുന്നത്. തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കൊലപാതകം നടക്കുകയും അതുമായി ബന്ധപ്പെട്ട് വിജയമോഹൻ എന്ന മോഹൻലാൽ അവതരിപ്പിക്കുന്ന വക്കീൽ കേസ് ഏറ്റെടുക്കുകയും തുടർന്ന് കോടതിയിൽ അരങ്ങേറുന്ന സംഭവവികാസങ്ങളുമാണ് നേരിന്റെ പ്രമേയം.

ആസിഫ് അലി നായകനായെത്തിയ ‘കൂമൻ’ എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രംകൂടിയാണ് നേര്. മാത്രമല്ല ദൃശ്യം 1&2, 12th മാൻ എന്നീ സിനിമകൾക്ക് ശേഷം മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുക്കെട്ട് വീണ്ടുമൊന്നിച്ചപ്പോൾ വിജയമാവർത്തിച്ചിരിക്കുകയാണ് ഈ കൂട്ടുക്കെട്ട്.

ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയാമണി, അനശ്വര രാജൻ,  ജഗദീഷ്, സിദ്ദിഖ്, ഗണേഷ് കുമാർ, നന്ദു, മാത്യു വർഗീസ്, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, കലേഷ്, കലാഭവൻ ജിൻ്റോ, ശാന്തി മായാദേവി, രമാദേവി, രശ്മി അനിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

അതേസമയം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തിയേറ്റർ റിലീസിന് ഒരു മാസത്തിന് ശേഷം ചിത്രം ഓൺലൈനിൽ സ്ട്രീം ചെയ്യുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു. വിനായക് ശശികുമാറിൻ്റെ വരികൾക്ക് വിഷ്ണു ശ്യാം സംഗീതം നൽകിയിരിക്കുന്നു. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.