അമ്പതാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ജൂറിയായി പ്രിയദര്‍ശന്‍; 'ജല്ലിക്കെട്ടും' 'ഉയരെ'യും അടക്കം അഞ്ച് മലയാള ചിത്രങ്ങളും പനോരമയില്‍

ഗോവയില്‍ നടക്കാനിരിക്കുന്ന അമ്പതാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഫീച്ചര്‍ ഫിലിം വിഭാഗം ജൂറി ചെയര്‍മാനായി സംവിധായകന്‍ പ്രിയദര്‍ശന്‍. ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളിലായി അഞ്ച് മലയാള സിനിമകളും പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ “ജല്ലിക്കട്ട്”, മനു അശോകന്റെ “ഉയരെ”, ടി കെ രാജീവ് കുമാറിന്റെ “കോളാമ്പി” എന്നീ ചിത്രങ്ങള്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മത്സരിക്കും. ജയരാജിന്റെ “ശബ്ദിക്കുന്ന കലപ്പ”, നോവിന്‍ വാസുദേവിന്റെ “ഇരവിലും പകലിലും ഒടിയന്‍” എന്നീ ചിത്രങ്ങള്‍ നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളിലേക്കുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്.

നവംബര്‍ 20 മുതല്‍ 28 വരെയാണ് ചലച്ചിത്ര മേളയുടെ സുവര്‍ണ ജൂബിലി എഡിഷന്‍ നടക്കുക. 76 രാജ്യങ്ങളില്‍ നിന്നുള്ള ഇരുനൂറിലധികം ചിത്രങ്ങളാണ് ഇത്തവണ മേളയിലുള്ളത്. പതിനായിരത്തോളം ഡെലിഗേറ്റുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പ്രകാശ് ജാവദേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.