അടി, ഇടി, ഡാന്‍സ്, ബഹളം; 'ബ്രദേഴ്‌സ് ഡേ' ആവേശത്തില്‍ പൃഥ്വിരാജ്

കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ ആരംഭിച്ചിരുന്നു. പുതിയ ചിത്രത്തില്‍ ജോയില്‍ ചെയ്തതിന്റെ സന്തോഷത്തിലാണ് പൃഥ്വി. അതിന്റേ ആവേശം പൃഥ്വി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു . “അടി, ഇടി, ഡാന്‍സ്, ബഹളം. കുറച്ചു നാളായി ഇതൊക്കെ ചെയ്തിട്ട്. ബ്രദേഴ്‌സ് ഡേയില്‍ അഭിനയിച്ചു തുടങ്ങി” പൃഥ്വി ട്വീറ്റ് ചെയ്തു.

ഷാജോണ്‍ തന്നെ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. പ്രയാഗ മാര്‍ട്ടിന്‍, ഐമ, മിയ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. മാജിക് ഫ്രെയ്മിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ബ്രദേഴ്സ് ഡേ നിര്‍മ്മിക്കുന്നത്. ജിത്തു ദാമോദറാണ് ഛായാഗ്രഹണം. നാദിര്‍ഷയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

നയണ്‍ ആണ് പൃഥ്വിരാജിന്റേതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ചേഴ്സും ചേര്‍ന്ന് ആദ്യമാിയ നിര്‍മ്മിച്ച ചിത്രം കൂടിയായിരുന്നു നയണ്‍. പൃഥ്വിയുടെ കന്നി സംവിധാന സംരംഭം ലൂസിഫറും റിലീസിംഗിന് ഒരുങ്ങുകയാണ്. മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രത്തില്‍ ഷാജോണും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മാര്‍ച്ച് 28 നാണ് ലൂസിഫറിന്റെ റിലീസ്.