'കോള്‍ഡ് കേസി'ന് പിന്നാലെ പൃഥ്വിരാജിന്റെ മറ്റൊരു സിനിമ കൂടി ഒ.ടി.ടിയിലേക്ക്?

പൃഥ്വിരാജ് ചിത്രം “കോള്‍ഡ് കേസ്” ഒ.ടി.ടിയില്‍ റിലീസിന് ഒരുങ്ങുന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് കോള്‍ഡ് കേസും ഫഹദ് ഫാസിലിന്റെ “മാലിക്കും” ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത് എന്നാണ് നിര്‍മ്മാതാവാആന്റോ ജോസഫ് വ്യക്തമാക്കിയത്.

കോള്‍ഡ് കേസിന് പിന്നാലെ പൃഥ്വിരാജിന്റെ മറ്റൊരു ചിത്രം കൂടി ഒ.ടി.ടിയില്‍ റിലീസിനെത്തുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഛായാഗ്രഹകന്‍ രവി കെ. ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന “ഭ്രമം” ചിത്രവും ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്റര്‍ടെയ്ന്‍മെന്റ് പോര്‍ട്ടലായ കേരള ബോക്സ് ഓഫീസാണ് ഭ്രമം ഒ.ടി.ടി റിലീസായി എത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ചിത്രം ആമസോണ്‍ പ്രൈമിലായിരിക്കും റിലീസ് ചെയ്യാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ബോളിവുഡില്‍ വന്‍ വിജയമായ അന്ധാദുന്‍ എന്ന ചിത്രത്തിന്റെ റീമേക്കാണ് ഭ്രമം. ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ജനുവരി അവസാനത്തോടെ ഫോര്‍ട്ട് കൊച്ചിയില്‍ ആയിരുന്നു ഭ്രമത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.