മലയാള സിനിമ ഇതുവരെ കാണാത്ത വിജയാഘോഷവുമായി 'പൊറിഞ്ചു മറിയം ജോസ്'

പൊറിഞ്ചു മറിയം ജോസിന്റെ വിജയാഘോഷം വ്യത്യസ്തമായി കൊണ്ടാടി അണിയറ പ്രവര്‍ത്തകര്‍. അനാഥരും, മക്കള്‍ ഉപേക്ഷിച്ചവരും, രോഗികളായ അമ്മമാരുമുള്ള കരുണാലയം ഓര്‍ഫനേജില്‍ 110 ഓളം അന്തേവാസികള്‍ക്കൊപ്പമാണ് ആടിയും പാടിയും അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ വിജയം ആഘോഷിച്ചത്. ഒപ്പം അന്തേവാസികള്‍ക്ക് ഓണസദ്യയും, ഓണപ്പുടവയും നല്‍കി.

പൊറിഞ്ചു മറിയം ജോസിന്റെ ഭാഗമായവര്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ നടന്‍ ജോജു ജോര്‍ജ് പാട്ടു പാടിയും നായികമാര്‍ തിരുവാതിര കളിച്ചും വിജയാഘോഷത്തിന്റെ ഭാഗമായി. ഓര്‍ഫനേജിലെ അന്തേവാസികള്‍ പാട്ടുപാടിയും, കേക്ക് മുറിച്ചും പൊറിഞ്ചു മറിയം ജോസിന്റെ വിജയാഘോഷത്തില്‍ പങ്കുകൊണ്ടു.

ടൈറ്റില്‍ കഥാപാത്രങ്ങളായി ജോജു ജോര്‍ജ്ജ് (കാട്ടാളന്‍ പൊറിഞ്ചു), നൈല ഉഷ (മറിയം), ചെമ്പന്‍ വിനോദ് (ജോസ്) എന്നിവര്‍ അണിനിരന്ന ചിത്രം രണ്ടാം വാരം തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ജോഷി ഒരുക്കുന്ന ചിത്രമാണിത്. എണ്‍പതുകളുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനുമാണ്.