അച്ഛാ എന്താ കാണുന്നേ? പിറന്നാള്‍ ദിനത്തില്‍ ഇന്ദ്രജിത്തിന്റെ ഏറ്റവും വലിയ ഹോബി പങ്കുവെച്ച് പൂര്‍ണിമ

ഇന്ദ്രജിത്ത് സുകുമാരന്റെ പിറന്നാള്‍ ദിനത്തില്‍ രസകരമായ വീഡിയോ പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്. താരത്തിന്റെ ഏറ്റവും വലിയ ഒരു ഹോബിയെ കുറിച്ചുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്ദ്രജിത്ത് തികഞ്ഞ മൃഗസ്‌നേഹിയാണെന്ന കാര്യമാണ് വീഡിയോയിലൂടെ പൂര്‍ണിമ പങ്കുവയ്ക്കുന്നത്.

ഫോണില്‍ മൃഗങ്ങളുടെ വീഡിയോകള്‍ കണ്ടാണ് തന്നിലെ മൃഗസ്‌നേഹിയെ ഇന്ദ്രജിത്ത് പരിപാലിക്കുന്നത്. പലപ്പോഴായി ഷൂട്ട് ചെയ്ത പത്ത് വീഡിയോകള്‍ ചേര്‍ത്ത കൊളാഷ് ആണിത്. മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും അച്ഛനെന്താ കാണുന്നത് എന്ന് ചോദിക്കുമ്പോള്‍ ഇന്ദ്രജിത്ത് നല്‍കുന്ന രസകരമായ മറുപടിയും വീഡിയോയില്‍ കാണാം.

“”ഞങ്ങളുടെ ഹൃദയത്തിന്റെ രാജാവിന് ജന്മദിനാശംസകള്‍”” എന്നാണ് പൂര്‍ണിമ വീഡിയോക്ക് കാപ്ഷനായി കുറിച്ചത്. അതേസമയം, ആഹാ, റാം, അനുരാധ ക്രൈം നമ്പര്‍ 59/2019, 19 (1) (a) എന്നിവയാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.

പടയണി (1986) എന്ന ചിത്രത്തില്‍ ബാലതാരമായാണ് ഇന്ദ്രജിത്ത് സിനിമയിലെത്തുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ (2002) എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായാണ് താരത്തിന്റെ രണ്ടാം വരവ്. ലാല്‍ ജോസിന്റെ മീശമാധവന്‍ (2002) എന്ന ചിത്രത്തിലെ ഈപ്പന്‍ പാപ്പച്ചി എന്ന വില്ലന്‍ കഥാപാത്രമാണ് ഇന്ദ്രജിത്തിനെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്.