ആദിത്യ കരിങ്കാലനെ വീഴ്ത്തിയ നന്ദിനിയുടെ ചതി; പൊന്നിയിന്‍ സെല്‍വന്റെ യഥാര്‍ത്ഥ കഥ

മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. തമിഴ് സാഹിത്യത്തിലെ എക്കാലത്തെയും ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് മണിരത്‌നം പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കുന്നതെന്ന് പ്രേക്ഷകര്‍ക്ക് പറഞ്ഞ് തരേണ്ട കാര്യമില്ലല്ലോ… ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് സിനിമയില്‍ മണിരത്‌നം ദൃശ്യവല്‍ക്കരിക്കുന്നത്.

പൊന്നിയിന്‍ സെല്‍വന്‍ പോലെയൊരു നോവല്‍ തമിഴില്‍ വേറെ വന്നിട്ടില്ല. അഞ്ച് വലിയ പുസ്തകങ്ങളായി ദീര്‍ഘമായ നോവലില്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തി എന്ന ക്രാഫ്റ്റ്‌സ്മാന്റെ സൂക്ഷ്മത കാണാം. ആരാണ് പൊന്നിയിന്‍ സെല്‍വന്‍? അല്ലെങ്കില്‍ ആരായിരുന്നു രാജ രാജ ചോളന്‍?

വണ്ടിയ തേവന്‍ വല്ലവരായന്‍ എന്ന ദൂതനിലൂടെയാണ് കഥ തുടങ്ങുന്നത്. 1000 വര്‍ഷം മുമ്പ് ദക്ഷിണേന്ത്യ ഭരിച്ചിരുന്ന ചോള പാണ്ഡ്യ കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. അരിഞ്ചയ ചോളന്റെ മകനായ സുന്ദര ചോളന്റെ മക്കളാണ് ആദിത്യ കരികാലന്‍, അരുള്‍മൊഴിവണ്ണന്‍, കുന്ദവി എന്നിവര്‍. മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനില്‍ റഹ്‌മാന്‍ സുന്ദര ചോളനായും വിക്രം ആദിത്യ കരികാലനായും, തൃഷ കുന്ദവി ആയും, ജയം രവി അരുള്‍മൊഴിവണ്ണന്‍ ആയും വേഷമിടുന്നു.

Ponniyin Selvan: History versus curiosity over onscreen portrayal of mighty  Cholas | Entertainment News,The Indian Express

ദൂതനായ വണ്ടിയതേവന്‍ തഞ്ചാവൂരുള്ള ചക്രവര്‍ത്തി സുന്ദര ചോളനെയും മകള്‍ കുന്ദവിയെയും കണ്ട് സന്ദേശം കൊടുക്കാനാണ് സുന്ദര ചോളന്റെ മൂത്ത മകനായ ആദിത്യ കരികാലന്റെ അടുത്ത് നിന്നും എത്തുന്നത്. യാത്രയുടെ തുടക്കത്തില്‍ കണ്ടുമുട്ടുന്ന പഴുവെട്ടരായരുടെ ഭാര്യ നന്ദിനി വണ്ടിയതേവനെ ആകര്‍ഷിക്കുന്നു. പഴുവെട്ടരായര്‍മാര്‍ ധനാധികാരിയും സേനാധിപതിയുമൊക്കെ ആയിരുന്നു. പഴുവെട്ടരായന്‍ ആയി ശരത്കുമാറും നന്ദിനി ആയി ഐശ്വര്യ റായിയുമാണ് സിനിമയില്‍ വേഷമിടുന്നത്. രഹസ്യങ്ങളുടെ കലവറയായ നന്ദിനിയാണ് കഥയിലെ ഉപജാപത്തെ മുന്നോട്ട് നയിക്കുന്നത്. നന്ദിനി യഥാര്‍ത്ഥത്തില്‍ ആരാണെന്നത് കണ്ടുപിടിക്കുന്നത് കല്‍ക്കിയുടെ അവസാന നോവലില്‍ മാത്രമാണ്.

വണ്ടിയതേവന്‍ ഇതിനിടയില്‍ ചാരനാണെന്ന് സംശയിക്കപ്പെടുന്നു. എന്നാല്‍ കുന്ദവിയുടെ വിശ്വാസമാര്‍ജിച്ച അയാള്‍ സുന്ദര ചോളന്റെ മറ്റൊരു മകനായ അരുള്‍ മൊഴിക്ക് മറ്റൊരു ദൂത് നല്‍കാന്‍ ഈഴത്തേക്ക് പോകുന്നു. കഥയിലെ ശക്തയായ ഒരു സ്ത്രീ കഥാപാത്രം പൂങ്കുഴലി ഇവിടെ രംഗപ്രവേശം ചെയ്യുന്നു. പൂങ്കുഴലിയോടൊപ്പമാണ് വണ്ടിയതേവന്‍ ഈഴത്തേക്ക് പോകുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് സിനിമയില്‍ പൂങ്കുഴലിയായി വേഷമിടുന്നത്.

Aishwarya Lekshmi's look as Poonguzhali from Pooniyin Selvan out- Cinema  express

അരുള്‍മൊഴിവണ്ണന്റെ മറ്റൊരു പേരാണ് പൊന്നിയിന്‍ സെല്‍വന്‍. പൊന്നിയന്‍ സെല്‍വന്‍ എന്നാല്‍ പൊന്നിയുടെ മകന്‍. പൊന്നി എന്നാല്‍ കാവേരി നദി. സുന്ദരചോളന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ മകന്‍ ആദിത്യ കരിങ്കാലനെയാണ് ചോളസിംഹാസനത്തിനു അവകാശിയാക്കിയത്. എന്നാല്‍ 969 AD യില്‍ ആദിത്യ കരിങ്കാലന്‍ വധിക്കപ്പെട്ടു. സുന്ദര ചോളന്റെ രണ്ടാമത്തെ മകന്‍ അരുള്‍മൊഴിവണ്ണനാണ് പില്‍ക്കാലത്ത് രാജ രാജ ചോളന്‍ എന്നറിയപ്പെട്ട ചോള വംശത്തിലെ ഏറ്റവും ശക്തനായ രാജാവ് ആയി മാറിയത്.

ദക്ഷിണേന്ത്യയിലെ പല ചെറു രാജ്യങ്ങളെയും കീഴടക്കി ഇദ്ദേഹം ചോളസാമ്രാജ്യത്തെ തെക്ക് ശ്രീലങ്ക വരെയും വടക്കുകിഴക്ക് കലിംഗം അതായത് ഒറീസ വരെയും വ്യാപിപ്പിച്ചു. വടക്ക് ചാലൂക്യന്മാരുമായും തെക്ക് പാണ്ഡ്യന്മാരുമായും ഇദ്ദേഹം യുദ്ധങ്ങളിലേര്‍പ്പെട്ടിരുന്നു. വെങ്കൈ പിടിച്ചടക്കിക്കൊണ്ട് രാജരാജന്‍ പില്‍ക്കാല ചോളസാമ്രാജ്യത്തിന്റെ അടിത്തറ സ്ഥാപിക്കുകയുണ്ടായി. ശ്രീലങ്ക കീഴടക്കിയ ഇദ്ദേഹം ഇവിടെ ഒരു നൂറ്റാണ്ടു നീണ്ടു നിന്ന ചോളഭരണത്തിന് അടിത്തറയിട്ടു.

Ponniyin Selvan - Official First Look | Vikram, Jayam Ravi, Karthi |  Character Posters - YouTube

രാജേന്ദ്ര ചോളന്‍ ഒന്നാമന്റെ തിരുവലങ്ങാട് ഫലകള്‍ അനുസരിച്ച് കിരീടാവകാശത്തെ കുറിച്ച് തര്‍ക്കമുണ്ടായിരുന്നതായി കരുതുന്നു. പില്‍ക്കാലത്ത് രാജരാജന്‍ ഒന്നാമന്‍ എന്ന പേരു സ്വീകരിച്ച അരുള്‍മൊഴിവണ്ണന്‍ തന്റെ പിതാവിന്റെ സഹോദരപുത്രനായ മധുരാന്ദകനു വേണ്ടി മാറിനില്‍ക്കാന്‍ തീരുമാനിച്ചു. അരുള്‍ മൊഴിയെ തിരികെ കൊണ്ട് വരാനുള്ള ശ്രമങ്ങളും പിന്നീട് രാജാധികാരം ആര്‍ക്ക് കൊടുക്കണമെന്ന ബഹളങ്ങളൊക്കെയാണ് കല്‍ക്കിയുടെ നോവല്‍ സംസാരിക്കുന്നത്. കഥയില്‍ ഒഴിവാക്കാനാവാത്ത ജാരസന്തതികളുണ്ട്.

Read more

പുതിയ അവകാശികള്‍ വരുന്നു. കുടിലില്‍ നിന്ന് കൊട്ടാരത്തിലേക്കും കൊട്ടാരത്തില്‍ നിന്ന് കുടിലിലേക്കും നൊടിയിട കൊണ്ട് ആളുകള്‍ വേഷപ്പകര്‍ച്ച നടത്തുന്നുണ്ട്. പാണ്ഡ്യ ഗൂഢാലോചനകളും നന്ദിനിയുടെ ചരിത്രവും മറ്റ് പല വഴി പിരിഞ്ഞ കഥകളും കൊണ്ട് സമ്പന്നമാണ് കല്‍ക്കിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവല്‍. ഈ കഥയാണ് ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന സിനിമയായി മണിരത്‌നം ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന പൊന്നിയിന്‍ സെല്‍വന്‍ സിനിമയ്ക്കായി പ്രതീക്ഷകള്‍ വാനോളമാണ്. മണിരത്‌നം എന്ന ക്രാഫ്റ്റ്‌സ്മാന്റെ മാസ്റ്റര്‍പീസ് തന്നെയാകും സിനിമ എന്ന് കരുതാം.