സിനിമയിലെ ഭാഷ എങ്ങനെ വേണമെന്ന് സംവിധായകന് തീരുമാനിക്കാം; 'ചുരുളി'ക്ക് പൊലീസിന്റെ ക്ലീന്‍ ചിറ്റ്

ലിജോ ജോസ് പെല്ലിശേരിയുടെ ‘ചുരുളി’ക്ക് പൊലീസിന്റ ക്ലീന്‍ ചിറ്റ്. സിനിമയിലെ ഭാഷാ പ്രയോഗം കഥാസന്ദര്‍ഭത്തിന് യോജിച്ചതാണെന്നും നടപടി എടുക്കാനാകില്ലെന്നും പ്രത്യേക അന്വേഷണസംഘം ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി.

ഒ.ടി.ടി പ്ലാറ്റ്‌ഫോം പൊതുവിടമായി കാണാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സിനിമയില്‍ പറയുന്നത് ചുരുളിയെന്ന സാങ്കല്‍പിക ഗ്രാമത്തിന്റെ കഥയാണ്. നിലനില്‍പ്പിനായി പൊരുതുന്ന മനുഷ്യരുടെ ഭാഷ എങ്ങനെ വേണമെന്ന് കലാകാരന് തീരുമാനിക്കാമെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

ചുരുളി പൊതു ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണെന്നും ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സോണി ലൈവില്‍ നിന്നും പിന്‍വലിക്കണം എന്നുമായിരുന്നു ആവശ്യം. തൃശൂര്‍ സ്വദേശിനിയായ അഭിഭാഷകയാണ് ഹൈക്കോടതിയില്‍ ചിത്രത്തിന് എതിരെ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നും ചിത്രത്തിലെ സംഭാഷണങ്ങള്‍ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സ് കളങ്കപ്പെടുത്തുന്നതാണ് എന്നുമാണ് ഹര്‍ജിയിലെ ആരോപണം. ഇതേ തുടര്‍ന്നാണ് സിനിമ കണ്ട് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

Read more

എഡിജിപി പത്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിന്‍ എസിപി എ നസീമ എന്നിവരാണ് സിനിമ കണ്ടത്. ആദ്യമായാണ് പൊലീസ് ഒരു സിനിമ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപി ഹൈക്കോടതിയെ നിലപാട് അറിയിക്കും.