ഇര്‍ഫാന്‍ ഖാന്റെയും ഋഷി കപൂറിന്റെയും നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

ഇര്‍ഫാന്‍ ഖാന്റെയും ഋഷി കപൂറിന്റെയും നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും. ഇര്‍ഫാന്‍ ഖാന്റെ വിയോഗം ലോക സിനിമയ്ക്കും നാടകത്തിനും കനത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അതേസമയം, ഋഷി കപൂര്‍ പ്രതിഭയുടെ ശക്തികേന്ദ്രമായിരുന്നു എന്നാണ് മോദിയുടെ വാക്കുകള്‍.

ഇര്‍ഫാന്‍ ഖാന്റെ വിവിധ പ്ലാറ്റ്‌ഫോമുകളിലെ മികവേറിയ പ്രകടനം എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. “”ബഹുമുഖം, ആകര്‍ഷകം, സജീവം… ഇങ്ങനെ ആയിരുന്നു ഋഷി കപൂര്‍ ജി. പ്രതിഭയുടെ ശക്തികേന്ദ്രമായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയയില്‍ പോലും ഞങ്ങളുടെ ഇടപെടലുകള്‍ ഞാന്‍ എപ്പോഴും ഓര്‍ക്കും. സിനിമകളോടും ഇന്ത്യയുടെ പുരോഗതിയോടും അദ്ദേഹത്തിന് അതിയായ അഭിനിവേശമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ മനോവേദനയുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും അനുശോചനം. ഓം ശാന്തി”” എന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യന്‍ സിനിമാമേഖലയുടെ വിലമതിക്കാനാകാത്ത സ്വത്തായിരുന്നു ഇര്‍ഫാന്‍ ഖാനെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. “”മികച്ച നടനായിരുന്നു ഇര്‍ഫാന്‍ ഖാന്‍. അദ്ദേഹത്തിന്റെ പ്രകടനം ആഗോളതലത്തില്‍ പ്രശസ്തി നേടിക്കൊടുത്തു. ഇര്‍ഫാന്‍ഖാന്റെ വിയോഗം രാജ്യത്തിന് തന്നെ കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു”” അമിത് ഷാ ട്വീറ്റ് ചെയ്തു.