പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു. 46 വയസായിരുന്നു. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് മൂന്ന് മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുനൂറോളം സിനിമകളില്‍ പാടിയിട്ടുണ്ട്. എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലെ അമ്പിളിപ്പൂവട്ടം പൊന്നുരുളി എന്ന ഗാനത്തിലൂടെയാണ് സംഗീത മലയാളികളുടെ പ്രിയങ്കരിയാകുന്നത്. എ ആര്‍ റഹ്‌മാന്റെ സംഗീത സംവിധാനത്തിലുള്ള മിസ്റ്റര്‍ റോമിയോയിലെ തണ്ണീരൈ കാതലിക്കും എന്ന ഗാനം വന്‍ ഹിറ്റായിരുന്നു.

‘പഴശ്ശിരാജ’യിലെ ‘ഓടത്തണ്ടില്‍ താളം കൊട്ടും’, ‘രാക്കിളിപ്പാട്ടി’ലെ ‘ധും ധും ധും ദൂരെയേതോ’ ‘കാക്കക്കുയിലി’ലെ ‘ആലാരേ ഗോവിന്ദ’,’അയ്യപ്പനും കോശിയി’ലെ ‘താളം പോയി തപ്പും പോയി’ തുടങ്ങിയവയാണ് മറ്റു ശ്രദ്ധേയ ഗാനങ്ങള്‍്. ‘കുരുതി’യിലെ തീം സോങ് ആണ് മലയാളത്തില്‍ അവസാനമായി പാടിയത്.

കോട്ടയം നാഗമ്പടം ഈരയില്‍ പരേതനായ വിജി സചിത്തിന്റെയും രാജമ്മയുടെയും മകളാണ് സംഗീത. ചെന്നൈയിലായിരുന്നു സ്ഥിരതാമസം.