തിയേറ്ററില്‍ ഇല്ലാത്ത രംഗങ്ങള്‍ ഒടിടിയില്‍; പഠാന്‍ സ്ട്രീമിംഗ് ആരംഭിച്ചു

ബോളിവുഡ് ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് വിജയം കരസ്ഥമാക്കിയ ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് ചിത്രം പ്രദര്‍ശനം തുടങ്ങിയത്.

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 500 കോടി ക്ലബ്ബിലും ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബിലും ഇടംപിടിച്ച ചിത്രമാണ് പഠാന്‍. ബോളിവുഡിന്റെ സമീപകാല ചരിത്രത്തില്‍ ഏറ്റവുമധികം റിപ്പീറ്റ് ഓഡിയന്‍സിനെ ലഭിച്ച ചിത്രവും. എന്നാല്‍ തിയറ്ററുകളില്‍ 50 ദിവസത്തിലേറെ പിന്നിട്ടതിനു ശേഷം ഒടിടിയില്‍ എത്തിയപ്പോഴും പ്രേക്ഷകരുടെ ഭാഗത്തുനിന്ന് വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

#PathaanOnPrime എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിട്ടുമുണ്ട്. നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നത് പ്രകാരം തിയേറ്റര്‍ കട്ടില്‍ ഇല്ലാതിരുന്ന ചില രംഗങ്ങള്‍ ഒടിടി പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നാല് വര്‍ഷത്തിനിപ്പുറമാണ് ഷാരൂഖ് ഖാന്‍ നായകനായ ഒരു ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.

Read more

തുടര്‍ച്ചയായി നേരിട്ട പരാജയങ്ങള്‍ക്കൊടുവില്‍, സീറോ എന്ന ചിത്രത്തിന്റെ റിലീസിനു പിന്നാലെ കരിയറില്‍ ഒരു ഇടവേള എടുക്കാന്‍ ഷാരൂഖ് ഖാന്‍ തീരുമാനിക്കുകയായിരുന്നു. സലാം നമസ്‌തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.