പന്ന്യന്‍ രവീന്ദ്രന്റെ ഭാര്യയായി സി.കെ ജാനു; 'പസീന' ഒരുങ്ങുന്നു

സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും ആദിവാസി നേതാവ് സി.കെ ജാനുവും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. രാജന്‍ കുടുവന്‍ സംവിധാനം ചെയ്യുന്ന “പസീന” എന്ന ചിത്രത്തിലാണ് ഈ രാഷ്ട്രീയ നേതാക്കള്‍ ഭാര്യയും ഭര്‍ത്താവും എത്തുന്നത്. കഥ കേട്ട് ഇഷ്ടപ്പെട്ടാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നതെന്ന് പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി.

ഒരു രാഷ്ട്രീയ ചിത്രമല്ല സമകാലിക പ്രസക്തിയുള്ള ചിത്രമാണ് പസീന ഒരുക്കുന്നതെന്നും സിനിമക്കായി താന്‍ മുടി വെട്ടില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. പന്ന്യന്‍ രവീന്ദ്രന്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് പസീന. “ദൈവത്തിന്റെ വാള്‍”, “ആശംസകളോടെ അന്ന” എന്നീ ചിത്രങ്ങളിലും രണ്ട് ഡോക്യുമെന്ററികളിലും അഭിനയിച്ചിട്ടുണ്ട്.

പ്രധാനപ്പെട്ട ഒരു കഥാപാത്രമായാണ് സി.കെ ജാനുവും ചിത്രത്തിലെത്തുന്നത്. രാജേഷ് ഹെബ്ബാര്‍, ഷോബി തിലകന്‍, കുളപ്പുള്ളി ലീല, ഉണ്ണിരാജന്‍ ചെറുവത്തൂര്‍, മട്ടന്നൂര്‍ ശിവദാസ് എന്നിവരും 10 ട്രാന്‍സ്ജെന്‍ഡര്‍മാരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിറക്കല്‍ മൂവീസ് നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ 17 മുതല്‍ കാസര്‍ഗോഡ്, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ ചിത്രീകരണം ആരംഭിക്കും.