ബറോസിന് പാക്കപ്പ്; ഇനി കാത്തിരിപ്പിന്റെ ദിനങ്ങള്‍

മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ബറോസിന്റെ ഷൂട്ട് പൂര്‍ത്തിയായി. ലൊക്കേഷനില്‍ ടീം അംഗങ്ങളോടൊപ്പം ഇരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് മോഹന്‍ലാല്‍ തന്നെയാണ് വിവരം പുറത്ത് വിട്ടത്. ലൊക്കേഷനില്‍ നിന്ന് സൈന്‍ ഓഫ് ചെയ്യുകയാണെന്നും ഇനി കാത്തിരിപ്പിന്റെ ദിനങ്ങളാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ബറോസിന്റെ പ്രഖ്യാപനം 2019ലായിരുന്നു നടന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കിയിരിക്കുന്നത്.

സംവിധാനത്തിനൊപ്പം ബറോസ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ തന്നയാണ്. ഒരു ഫാന്റസി ലോകത്ത് നടക്കുന്ന കഥയില്‍ വാസ്‌കോഡ ഗാമയുടെ നിധി കാക്കുന്ന ഭൂതമായാണ് മോഹന്‍ലാല്‍ എത്തുന്നത്.

പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.